സംഘര്‍ഷമുണ്ടാക്കാന്‍ ചുവരെഴുത്തു മായ്ച്ചു; അഭിമന്യുവിനെ പിടിച്ചുനിര്‍ത്തി ഇടതുനെഞ്ചില്‍ കുത്തി
കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ കുറ്റകൃത്യം നടന്ന സമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍, കൃത്യം നടത്താനുപയോഗിച്ച ആയുധങ്ങള്‍ എന്നിവ കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്നു കുറ്റപത്രം. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പുറത്തുവന്ന പകര്‍പ്പിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
16 പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പാണ് പുറത്തു വന്നത്. ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പട്ട ഏഴു പേര് ഇപ്പോഴും ഒളിവിലാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.
കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ പിന്നീട് അഞ്ചു ബൈക്കുകളിലാണ് കാംപസിനു പുറത്തെത്തിയത്.
കോളജിന്റെ ചുറ്റുമതിലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എഴുതിയ ചുവരെഴുത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ മായ്ച്ചുകളഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘം ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി സംഘര്‍ഷത്തിനു തുടക്കമിട്ടു. കോളജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തത്.
സംഘഷര്ത്തിനിടയില് ഒന്‍പതാം പ്രതി ചിപ്പു എന്ന ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തി. ഇതിനിടെ 10-ാം പ്രതി സഹല്‍ കത്തി ഉപയോഗിച്ച് അഭിമന്യുവിന്റെ ഇടതു നെഞ്ചില്‍ കുത്തുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്ജ്ജുന് എന്ന വിദ്യാര്‍ഥിയെ പിടിച്ചു നിര്‍ത്തിയത് 11-ാം പ്രതി ജിസാല്‍ ആണ്. 12-ാം പ്രതി ഷാഹിമാണ് കുത്തിയത്. വിനീഷ് എന്ന വിദ്യാര്‍ഥിയെ 13-ാം പ്രതി സനീഷും കുത്തി പരുക്കേല്‍പ്പിച്ചു.
സംഘത്തിലുള്ള മറ്റു പ്രതികള്‍ ഈ സമയം റോഡിലുണ്ടായിരുന്ന എസ്.എഫ്.ഐ വിദ്യാര്‍ഥികളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് ഒരു ബൈക്ക് മാത്രം ഉപേക്ഷിച്ച് മറ്റു വാഹനങ്ങളില്‍ രക്ഷപ്പെട്ട പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."