ക്രിക്കറ്റ് ലോകം വിളിച്ചു, ഓ...സ്മിത്ത്
അതെ, ഒരു വര്‍ഷക്കാലമായി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ല, പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ലോകോത്തര താരങ്ങള്‍ വിലക്കില്‍ കഴിയുമ്പോള്‍ ഇങ്ങിവിടെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ മാഹാത്മ്യം തകരുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോകകപ്പിലൂടെ വിലക്ക് കഴിഞ്ഞ് ടീമിലെത്തിയ വാര്‍ണറിനൊപ്പം സ്മിത്തും ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്ന് ടീമിനെ സെമിവരെ എത്തിച്ചു. ഇന്നിതാ ലോകകപ്പ് ചാംപ്യന്‍മാരെ പരാജയപ്പെടുത്തി ആദ്യ ആഷസ് ജയിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ കൂടുതലായി വിളിച്ചത് ഇങ്ങനെ; ഓ...സ്മിത്ത്. ഇതിന്റെ പിന്നില്‍ രണ്ടുണ്ട് കാര്യം. വിലക്കിന് ശേഷം ഇറങ്ങിയ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും താരത്തിന്റെ സമ്പാദ്യം രണ്ട് സെഞ്ചുറികള്‍ എന്നതാണ് ആദ്യത്തെ കാരണം. എന്നാല്‍ രണ്ട് ഇന്നിങ്‌സിലും ബാറ്റിങില്‍ വീണുടഞ്ഞ ഓസീസിനെ കൈപിടിച്ചു കയറ്റാനും ഈ താരം തന്നെ വേണ്ടി വന്നു. അന്ന് പന്ത് ചുരണ്ടല്‍ വിവാദങ്ങളുടെ പേരില്‍ കണ്ട താരത്തില്‍നിന്നുള്ള പശ്ചാത്താപം കലര്‍ന്ന കണ്ണീരിന്റെ വില ഞായറാഴ്ച ബര്‍മിങ്ഹാമില്‍ നല്‍കി. കരഞ്ഞു കളം വിട്ട ആ ആസ്‌ത്രേലിയന്‍ നായകന്‍ ഇങ്ങനെ തിരിച്ച് വരുമെന്ന് ആരും കരുതിയില്ല.
ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സ്മിത്ത് ബാറ്റ് എടുത്ത് ക്രീസില്‍ എത്തുമ്പോള്‍ ആസ്‌ത്രേലിയ തകര്‍ച്ചയെ നേരിടുകയായിരുന്നു. മുന്‍പ് ടീം തന്നെ ഏല്‍പ്പിച്ചത് കൃത്യമായി പൂര്‍ത്തിയാക്കുന്ന ജോലിക്ക് അന്നും പതിവു തെറ്റിയില്ല. ആ സമയത്തും ടീമിനെ രക്ഷിക്കുക എന്ന ജോലി സ്വീകരിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സിലെ ആദ്യ എട്ടു താരങ്ങള്‍ ഒരുമിച്ച് നേടിയ റണ്‍സ് കൂട്ടിച്ചേര്‍ത്താല്‍ പോലും ആ ഇന്നിങ്‌സില്‍ താരം നേടിയ നേടിയ 144 റണ്‍സിലെത്തുകയില്ലെന്നറിയുമ്പോള്‍ കളിയിലെ താരമെന്ന ബഹുമതി അര്‍ഹിക്കാന്‍ താരം തന്നെ അവകാശി എന്ന് തീര്‍ത്തെഴുതാം. ഈ മത്സരത്തില്‍ പീറ്റര്‍ സിഡിലുമൊത്തെടുത്ത 98 റണ്‍സ് വഴിത്തിരിവായപ്പോഴും സ്മിത്ത് അവിടെയും വിജയക്കുറിയിട്ടു. തുടര്‍ന്ന് 10ാമതായെത്തിയ നഥാന്‍ ലിയോണുമൊത്തും പാര്‍ട്ണര്‍ഷിപ്പ് തുടര്‍ന്നതോടെ ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചാണ് സ്മിത്ത് മടങ്ങിയത്. നിര്‍ണായകമായ 74റണ്‍സാണ് ആ സമയത്തെടുത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ആസ്‌ത്രേലിയക്ക് തുടക്കത്തില്‍ തന്നെ മുന്‍ നിരക്കാരെ നഷ്ടമാവുമ്പോഴാണ് സ്മിത്ത് കളത്തില്‍ അവതരിക്കുന്നത്. ഇത്തവണ മാത്യു വെയ്ഡ് കൂടി സെഞ്ചുറിമായി തിളങ്ങിയെങ്കിലും അവിടെയും സ്മിത്തായിരുന്നു ഹൈലൈറ്റ്. രണ്ട് സെഞ്ചുറികള്‍ കുറിച്ചതോടെ ഒരുപിടി റെക്കോര്‍ഡിനുടമയാകാനും സ്മിത്തിന് കഴിഞ്ഞു. താരം സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴും തന്റെ പിറകില്‍ വന്ന മാത്യു വെയ്ഡ്, ട്രാവിസ് ഹെഡ് തുടങ്ങിയവര്‍ക്ക് സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരവും സൃഷ്ടിച്ചാണ് മടങ്ങിയത്. ഇനി വിവാദങ്ങളില്‍ തലയിടാതെ ലോകം വാഴ്ത്തുന്ന ഇതിഹാസ താരമാകാന്‍ നിലവിലെ ഫോം തുടരാനുള്ള ഒരുക്കത്തിലാണ് താരം. കഴിഞ്ഞ ഒരുവര്‍ഷം നീറിയതിന്റെ കടം വീട്ടാനുള്ള ഒരുക്കത്തിലാണ് മുന്‍ ആസ്‌ത്രേലിന്‍ നായകന്‍.
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ 25 ശതകങ്ങള്‍ പിന്നിടുന്ന നാഴികക്കല്ല് ഇക്കഴിഞ്ഞ ടെസ്റ്റിലൂടെയാണ് താരം സൃഷ്ടിച്ചത്. ആഷസിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ താരത്തെ കായിക ലോകം അഭിനന്ദനങ്ങളും ആശംസകളും കൊണ്ട് മൂടുകയാണ്. ഒടുവില്‍ സച്ചിനും താരത്തിന്റെ പ്രകടനത്തില്‍ അഭിനന്ദനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."