പി.എഫ് പെന്‍ഷന്‍: 2014ലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ യഥാര്‍ഥ ശമ്പളത്തിന്റെയടിസ്ഥാനത്തില്‍ തൊഴിലുടമയുമായി ചേര്‍ന്ന് വിഹിതം നല്‍കാനുള്ള അവസരം നിഷേധിച്ച എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
ഇത്തരത്തില്‍ വിഹിതം നല്‍കുന്നതൊഴിവാക്കാന്‍ എംപ്‌ളോയീസ് പ്രോവിഡന്റ് ആക്ടില്‍ 2014ല്‍ കൊണ്ടുവന്ന ഭേദഗതി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഭേദഗതിയും റദ്ദാക്കി.
തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കുന്ന ഇ.പി.എഫ് നടപടികള്‍ക്കെതിരേ കെല്‍ട്രോണില്‍ ഉദ്യോഗസ്ഥനായ ടി.വൈ വിജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ 507 ഹരജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
1995 ലെ ഇ.പി.എഫ് പെന്‍ഷന്‍ സ്‌കീം പ്രകാരം പരമാവധി പെന്‍ഷന് അര്‍ഹതയുള്ള ശമ്പളം 6500 രൂപയായി നിജപ്പെടുത്തിയിരുന്നു. ഇതില്‍ തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിയിരുന്നു. ഈ വ്യവസ്ഥ നിലവിലുള്ളപ്പോഴും തൊഴിലാളിക്ക് തന്റെ യഥാര്‍ഥ ശമ്പളത്തിന്റെയടിസ്ഥാനത്തില്‍ വിഹിതം നല്‍കിയ ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന്‍ നല്‍കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ഭേദഗതി വന്നതോടെ പെന്‍ഷന് അര്‍ഹതയുള്ള പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തി. മാത്രമല്ല ഈ തുകയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നല്‍കി ഉയര്‍ന്ന പെന്‍ഷന് ആറു മാസത്തിനകം ഓപ്ഷന്‍ നല്‍കണമെന്നും കൂടിയ ശമ്പളത്തിന്റെ 1.16 ശതമാനം തുക അധിക വിഹിതമായി അടയ്ക്കണമെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.
ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉയര്‍ന്ന പെന്‍ഷനു വേണ്ടി ഓപ്ഷന്‍ നല്‍കാന്‍ നിശ്ചിത തീയതി തീരുമാനിക്കുന്നതു വിരമിച്ചവരെ രണ്ടായി തിരിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."