സമഗ്ര വളര്‍ച്ച: 1000 ദിന പരിപാടി ഐ.സി.ഡി.എസ് പ്രൊജക്റ്റുകളിലേക്ക്
മലപ്പുറം: ശിശു പരിപാലനത്തിനായി ആരംഭിച്ച 1000 ദിന പരിപാടി ഈ വര്‍ഷം സംസ്ഥാനത്ത് ഐ.സി.ഡി.എസ് പ്രൊജക്റ്റുകളിലേക്ക് കൂടി. ഗര്‍ഭാവസ്ഥ ഒന്‍പത് മാസം എത്തിയവര്‍, രണ്ടു മാസം വരെയുള്ള ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ എന്നിവരുടെ ആരോഗ്യ പരിപാലന പദ്ധതിയാണിത്. ആദ്യത്തെ 1000 ദിവസങ്ങളില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന വിവിധ പരിപാടികളാണ് വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2014ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷമാണ് വ്യാപിപ്പിക്കുന്നത്.
അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ ക്യാംപുകള്‍, ചികിത്സ, ഭക്ഷണം, ബോധവല്‍ക്കരണം എന്നിവയാണ് പ്രധാനമായും ആയിരം ദിവസത്തെ പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയത്. മലയോര, തീരദേശ മേഖലയില്‍ നിന്നാണ് 10 പ്രൊജക്റ്റുകളെ തിരഞ്ഞെടുത്തത്. വെള്ളനാട് (തിരുവനന്തപുരം), റാന്നി (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), ദേവികുളം (ഇടുക്കി), ഈരാറ്റുപേട്ട (കോട്ടയം), തളിക്കുളം (തൃശൂര്‍), നിലമ്പൂര്‍ (മലപ്പുറം), മാനന്തവാടി (വയനാട്), ഇരിട്ടി (കണ്ണൂര്‍), കാസര്‍കോട് എന്നിവയാണ് പുതുതായി പദ്ധതിയിലേക്കു തിരഞ്ഞെടുത്ത ഐ.സി.ഡി.എസ് പ്രൊഡക്റ്റുകള്‍.
തിരഞ്ഞെടുത്ത പ്രൊജക്റ്റുകള്‍ക്ക് കീഴില്‍ മൂന്നു മുതല്‍ ഒന്‍പതുവരെ പഞ്ചായത്തുകളുണ്ട്. ഇവിടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി മൂന്നു മാസത്തിലൊരിക്കല്‍ ക്യാംപുകള്‍ നടക്കും.ഗുണഭോക്താക്കളുടെ തൂക്കം, ബ്ലഡ് പ്രഷര്‍ എന്നിവ പരിശോധന നടത്തി ചികിത്സാ ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്യും. കുടുംബശ്രീ മുഖേന തയാറാക്കുന്ന ഭക്ഷണകിറ്റാണ് അങ്കണവാടി വഴി നല്‍കുക. ഗുളികകളും മൂലയൂട്ടലിന്റെ പ്രാധാന്യവും അതിനനുസൃതമായി അമ്മമാര്‍ക്ക് വേണ്ട ആഹാരരീതിയും വിശദമാക്കുന്ന പുസ്തകങ്ങളും ബ്രോഷറുകളും വിതരണം ചെയ്യും. കുട്ടിയുടെ ജനന സമയത്തെയും വളര്‍ച്ചാഘട്ടങ്ങളിലെയും തൂക്കം കണക്കാക്കും.അടുത്ത ആഴ്ച 10 പ്രൊജക്റ്റുകളിലും ആദ്യ ആരോഗ്യ ക്യാംപ് നടത്താനാണ് നിര്‍ദേശം. പുതിയ 10 പ്രൊജക്റ്റുകളിലും പദ്ധതി ആരംഭിക്കുന്നതിനു ആരോഗ്യ ക്യാംപുകള്‍, ഡോക്ടര്‍മാരുടെ ഹോണറേറിയം, ലഘു ഭക്ഷണ വിതരണം എന്നിവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതിലേക്ക് 18 ലക്ഷം രൂപയുടെ ആദ്യഗഡു അനുവദിച്ചു ഉത്തരവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."