ശബരിമല: പുനരുദ്ധാരണ പ്രവൃത്തികള്‍ ടാറ്റാ പ്രൊജക്ടിന്
തിരുവനന്തപുരം: ശബരിമല തീര്‍ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍കുള്ള അനുമതി സര്‍ക്കാര്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിന് നല്‍കി. നവംബര്‍ 15നു മുന്‍പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 200 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
നവംബര്‍ 17ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് തീര്‍ഥാടകരുടെ പ്രവാഹത്തിന് തടസമുണ്ടാകാതിരിക്കാന്‍ പാലങ്ങള്‍, അനുബന്ധ റോഡുകള്‍, കലുങ്കുകള്‍ എന്നിവ സമയബന്ധിതമായി പുനര്‍നിര്‍മിക്കുന്നതിനാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയത്. അടിസ്ഥാന സൗകര്യവികസന രംഗത്ത് ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ടാറ്റാ പ്രൊജക്ട്‌സ്. പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും മൂന്ന് ഐ.എ.എസ് ഓഫിസര്‍മാരും സംസ്ഥാന പൊലിസ് മേധാവിയും അംഗങ്ങളായും ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയുണ്ടായി. നിലയ്ക്കലില്‍ 6,000 തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഉള്‍പ്പെടെ 10,000 തീര്‍ഥാടകര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മിക്കുന്നതടക്കമുള്ള പ്രവൃത്തികളും ടാറ്റാ പ്രൊജക്ട് ലിമിറ്റഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
പ്രവൃത്തികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. തീര്‍ഥാടകര്‍ കൂടുതല്‍ കേന്ദ്രീകരിക്കുമെന്നതിനാല്‍ നിലയ്ക്കലിലെ കുടിവെള്ള സംഭരണ ശേഷി 60 ലക്ഷം ലിറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ശബരിമലയില്‍ ജലസേചന വകുപ്പ് 2014-15ല്‍ 64.35 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ 2016-17ല്‍ 230.68 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായി 240.34 ലക്ഷം രൂപയാണ് 2017-18ല്‍ ചെലവഴിച്ചത്.
പമ്പയിലും നിലയ്ക്കലിലും പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ പൈപ്പിടല്‍ ഉള്‍പ്പെടെ കുടിവെള്ള പദ്ധതികള്‍ക്കായി 6.5 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."