അത് നുണ, ഞാന്‍ വീട്ടുതടങ്കലില്‍ തന്നെയെന്ന് ഫാറൂഖ് അബ്ദുല്ല
ന്യൂഡല്‍ഹി: ഞാന്‍ വീട്ടുതടങ്കലിലാണെന്നും എന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലിലിടുകയോ ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന നുണയാണെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല.
=ഇന്നലെ ജമ്മുകശ്മിര്‍ സംബന്ധിച്ച ബില്ലിന്‍മേലും പ്രമേയത്തിലും ലോക്‌സഭയില്‍ ചര്‍ച്ച നടക്കവെ ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നില്ല. ഇതോടെ എവിടെയാണ് ഫാറൂഖ് അബ്ദുല്ലയെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ഫാറൂഖ് അബ്ദുല്ലയെ തടവിലിട്ടിട്ടില്ലെന്നായിരുന്നു അതിന് അമിത്ഷാ നല്‍കിയ മറുപടി. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം.
'അമിത്ഷാ കള്ളം പറയുകയാണ്. എന്റെ ആഗ്രഹപ്രകാരമല്ല ഞാന്‍ ഈ വീട്ടില്‍ ഇപ്പോള്‍ ഇരിക്കുന്നത്. വീടിന് പുറത്തിറങ്ങാന്‍ എന്നെ അനുവദിക്കുന്നില്ല. വീടിന് മുന്‍പില്‍ ജില്ലാ പൊലിസ് മേധാവിയെ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ വീട്ടുതടങ്കലിലാണ്. ആരെയും വീടിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നുമില്ല- ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ശ്രീനഗറിലെ വസതിയില്‍ വച്ച് എന്‍.ഡി.ടി.വിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാറൂഖ് അബ്ദുല്ല സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ കഴിയുകയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ തടവിലിടുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു എന്‍.സി.പിയുടെ സുപ്രിയാ സുലേയെ അമിത്ഷാ അറിയിച്ചത്. ഫാറൂഖ് അബ്ദുല്ലക്ക് എന്ത് കൊണ്ട് പ്രധാനവിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ലോക്‌സഭയിലെത്താന്‍ കഴിഞ്ഞില്ലന്നതിന് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു.
ഒരു ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ ഇങ്ങനെ കള്ളംപറയുമോ എന്റെ നാട് കത്തുമ്പോള്‍, എന്റെ ജനത ജയിലിലടക്കപ്പെടുമ്പോള്‍ ഞാനെന്തിന് വീട്ടില്‍ വെറുതെ ഇരിക്കണം. ഒരാള്‍ക്കും പുറത്തുപോവാനോ ഇങ്ങോട്ട് വരാനോ അനുവാദമില്ല. ഈ വാതിലുകള്‍ എപ്പോള്‍ തുറക്കുന്നോ അപ്പോള്‍ ഞാനും എന്റെ ജനങ്ങളും കോടതിയില്‍ പോയി പോരാടും.
എന്റെ മകന്‍ (ഉമര്‍ അബ്ദുല്ല) ജയിലിലാണ്. മതേതര, ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയോടൊപ്പം ചേര്‍ന്ന ഒരു സംസ്ഥാനത്തോട് എങ്ങനെ ഒരു രാജ്യത്തിന് ഇതുപോലെ ചെയ്യാന്‍ കഴിയും ഇതൊരിക്കലും ജനാധിപത്യ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. സംസാരത്തിനിടെ പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ഇടറുകയുംചെയ്തു.വൈകാരിക വിക്ഷോഭത്തോടെയായിരുന്നു ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."