വൃത്തിയില്ല, സമയനിഷ്ഠയും; യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്
ബംഗളൂരു: ബംഗളൂരുവില്‍നിന്ന് മലബാറിലേക്കുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പുര്‍ - കണ്ണൂര്‍ എക്‌സ് പ്രസ്സിനോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരേ യാത്രക്കാരുടെ കൂട്ടായ്മ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ബാംഗ്ലൂര്‍ മലബാര്‍ ട്രാവലേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വെട്ടിക്കുറച്ച റിസര്‍വേഷന്‍ കോട്ട പുനഃസ്ഥാപിക്കുക, ട്രെയിനിന്റെ സമയക്രമത്തിന്റെ അപാകത പരിഹരിക്കുക, കോച്ചുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. സ്വകാര്യബസ്സുകളുടെ കഴുത്തറപ്പന്‍ നിരക്കില്‍നിന്ന് രക്ഷ തേടി സാധാരണക്കാര്‍ ആശ്രയിക്കുന്ന ട്രെയിനാണിത്.
സേലം വഴിയുള്ള യശ്വന്ത്പുര്‍- കണ്ണൂര്‍( 16527, 16528) എക്‌സ്പ്രസ് ട്രെയിനിലെ ദുരിത യാത്രയെക്കുറിച്ച് നിരവധി തവണ പരാതിനല്‍കിയിട്ടും നടപടികള്‍ മാത്രം ഉണ്ടാവുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് ട്രെയിന്‍ കോയമ്പത്തൂര്‍ ജങ്ഷന്‍ വഴിയാക്കിയതോടെയാണ് കേരളത്തിനനുവദിച്ച റിസര്‍വേഷന്‍ കോട്ട വെട്ടിക്കുറച്ചത്. ഇതോടെ നാലുമാസം മുന്‍പ് ബുക്ക് ചെയ്താല്‍പോലും വെയിറ്റിങ് ലിസ്റ്റിലാണ് ഇടം പിടിക്കുന്നത്. യശ്വന്ത്പുരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ കോയമ്പത്തൂരിലേക്കാണ് കൂടുതല്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നത്. കോഴിക്കോട്, കണ്ണൂര്‍, വടകര ഭാഗത്തേക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന അനീഷ് എബ്രഹാം പറഞ്ഞു. മാക്കൂട്ടം ചുരം വഴിയുള്ള ബസ് ഗതാഗതം നിലച്ചതോടെ കണ്ണൂര്‍, തലശ്ശേരി ഭാഗത്തേക്കുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ഉല്‍സവ സീസണുകളില്‍ സ്‌പെഷല്‍ ട്രെയിന്‍ പോലും വര്‍ഷങ്ങളായി മലബാര്‍ ഭാഗത്തേക്ക് അയക്കാറില്ല.
നേരത്തേ രാവിലെ 8.15നുള്ളില്‍ യശ്വന്ത്പുരിയിലെത്തുന്ന ട്രെയിന്‍ പുതിയ സമയപ്പട്ടിക പ്രകാരം 9.15ന് ശേഷമാണ് യശ്വന്ത്പുരിയിലെത്തുന്നത്. ഹൊസൂര്‍ കഴിഞ്ഞാല്‍ പിടിച്ചിടുന്ന ട്രെയിന്‍ ബാനസവാടിയില്‍ എത്തുമ്പോള്‍ തന്നെ ഏഴു മണി കഴിയും. ട്രാക്ക് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കര്‍മലാരാം, ബാനസവാടി സ്റ്റേഷനുകളില്‍ ഒരു മണിക്കൂര്‍ വരെയാണ് ട്രെയിന്‍ പിടിച്ചിടുന്നത്. രാവിലെ ജോലിക്ക് പോവേണ്ടവര്‍ക്ക് സമയത്ത് ഒഫിസിലെത്താന്‍ സാധിക്കുന്നില്ല. തിരിച്ച് യശ്വന്ത്പുരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂരിലെത്തുന്നത് പത്തിന് ശേഷമാണ്. നേരത്തേ ഒന്‍പതിനുള്ളില്‍ എത്തിയിരുന്ന ട്രെയിനാണ് ഒരു മണിക്കൂറോളം വൈകുന്നത്. പാലക്കാടു മുതല്‍ ചെന്നൈ മെയിലിന്‌വേണ്ടി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നതാണ് സമയം വൈകാനിടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."