മണ്ണില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ജീവിതവുമായി മുഹമ്മദലി; സര്‍ക്കാര്‍ സഹായം വാഗ്ദാനങ്ങള്‍ മാത്രം
കൊണ്ടോട്ടി: മണ്ണ് മരണവുമായെത്തിയപ്പോള്‍ ജീവിതത്തിലേക്ക് ഒരുയിര്‍ത്തെഴുന്നേല്‍പ്പ് മുഹമ്മദലി പ്രതീക്ഷിച്ചിരുന്നില്ല. കാരണം ആ ദുരന്തത്തില്‍ മുഹമ്മദലിയോടൊപ്പം ശരീരത്തില്‍ മണ്ണുമൂടിയ അയല്‍വാസികളായ ഒമ്പത് പേരും ഇന്നു ജീവിച്ചിരിപ്പില്ല. കേരളത്തിലെ മഹാപ്രളയത്തിന് ഒരാണ്ട് തികയുമ്പോള്‍ മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല മുഹമ്മദലി(45)തന്റെ ജീവന്‍ തിരിച്ചു കിട്ടയ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിതുമ്പും. ഒപ്പം ദുരന്തപ്രദേശത്തോട് കാണിക്കുന്ന അധികൃതരുടെ അലംഭാവത്തെക്കുറിച്ച് അമര്‍ഷവും തുറന്നുപറയും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് പുലര്‍ച്ചെയും രാവിലെയുമായി ചെറുകാവിലെ പൂച്ചാല്‍, പെരിങ്ങാവ് കൊടപ്പുറം ഭാഗങ്ങളില്‍ രണ്ടു വീടുകള്‍ക്കു മുകളില്‍ മണ്ണിടിഞ്ഞ് 12 പേരാണ് മരിച്ചത്. പെരിങ്ങാവ് കൊടപ്പുറത്ത് അസ്‌കറലിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരന്‍ പാണ്ടികശാല ബഷീര്‍ (47), ഭാര്യ സാബിറ (40), മക്കളായ ഫാത്തിമ ഫായിസ (19), മുഷ്ഫിഖ് (11), ബഷീറിന്റെ സഹോദരന്‍ അബ്ദുല്‍ അസീസിന്റെ ഭാര്യ ഖൈറുന്നീസ (36)അയല്‍വാസികളായ മാന്ത്രമ്മല്‍ മുഹമ്മദലി (48), മകന്‍ സഫ്‌വാന്‍ (26), ചെമ്പ്രച്ചോല ചെറാതൊടി ഇല്ലിപ്പുറം മൂസ (50), സി.പി.ജംഷീഖിന്റെ മകന്‍ ഇര്‍ഫാന്‍ അലി (16) എന്നിവരാണ് മരണപ്പെട്ടത്.
അപകടം സമയം അസ്‌കറലിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല.
സഹോദരന്‍ ബഷീറും മറ്റുള്ളവരും അസ്‌കറിന്റെ വീടിനു പിറകു വശത്ത് കോഴിക്കൂട് മാറ്റുന്നതിനായി എത്തിയപ്പോഴാണ് കുന്നിടഞ്ഞു വീണത്. ഈ അപകടത്തില്‍നിന്നാണ് മുഹമ്മദലി രക്ഷപ്പെട്ടത്.
മണ്ണിനും വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബിനുമിടയില്‍ കുടുങ്ങിയെങ്കിലും രക്ഷാപ്രവര്‍ത്തനെത്തിയവര്‍ മുഹമ്മദലിയെ ആദ്യം കണ്ടതാണ് രക്ഷപ്പെടുത്താനായത്. എന്നാല്‍ മറ്റുളളവരെല്ലാം മണ്ണിനടിയില്‍ കുടുങ്ങി. തനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ അപകടത്തില്‍പെട്ടവര്‍ ആരൊക്കെയെന്ന് മനസിലാകുമായിരുന്നില്ലെന്ന് മുഹമ്മദലി പറഞ്ഞു.
കാലിനു പരുക്കേറ്റ് ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പിന്നീട് മൂന്നു മാസത്തോളം വീട്ടില്‍ കിടപ്പിലായി. ധനസഹായമായി നാലായിരം രൂപയാണ് ലഭിച്ചത് - മുഹമ്മദലി പറഞ്ഞു.
കാലിന്റെ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. അപകടം നടന്ന വീടിനും സ്ഥലത്തിനുമുള്ള ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. അസ്‌കറലിയുടെ വീട് പൂര്‍ണമായും റവന്യൂവകുപ്പ് പൊളിച്ച് നീക്കിയിരുന്നു. ഇവര്‍ സഹോദരന്‍ ബഷീറിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മറ്റൊരു സഹോദരന്റെ വീട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് ഐക്കരപ്പടിക്കടുത്ത പൂച്ചാലിലെ കണ്ണനാരി അബ്ദുല്‍ അസീസ് (48), ഭാര്യ സുനീറ (42), ഇളയ മകന്‍ മുഹമ്മദ് ഉബൈദ് (6) എന്നിവര്‍ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് മറ്റൊരു ദുരന്തത്തില്‍ മരിച്ചത്. അസീസിന്റെ കുടുംബത്തില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികളായ രണ്ടു മക്കള്‍ വീടു തകര്‍ന്നതോടെ ബന്ധുക്കളുടെ വീട്ടിലാണ് താമസം.
പ്രളയദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ട ഇവര്‍ക്കു പകരം വീടും സ്ഥലവും കണ്ടെത്തി പുനരധിവാസം നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി ഓഫിസുകളില്‍ കയറി ഇറങ്ങുകയാണ് ഇവരിപ്പോഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."