നടതള്ളിയവര്‍ക്ക് തീരാദുരിതം: മുഖം തിരിച്ച് അധികൃതര്‍
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ഉറ്റവരില്ലാതെ ഉപേക്ഷിച്ചവരുടെ പുനഃരധിവാസത്തില്‍ അനിശ്ചിതത്വം. നടതള്ളിയവരുടെ കാര്യത്തില്‍ ഇടപെട്ട സാമൂഹികക്ഷേമ വകുപ്പും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും തന്നെയാണിപ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത്. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂ എന്നാണ് അധികൃതരുടെ നിലപാട്. വേലിതന്നെ വിളവ് തിന്നുമ്പോള്‍ ഇനി ആരോട് പരാതി പറയുമെന്നറിയാതെ കണ്ണീരുമായി കഴിയുകയാണ് നടതള്ളപ്പെട്ടവര്‍.
60 വയസിനു മുകളിലുള്ള രണ്ടുപേരെ മാത്രമാണ് ഹോം ഓഫ് ലൗവിലും വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലും പ്രവേശിപ്പിച്ചത്. നാലുപേരെ സന്നദ്ധ സംഘനകളും ഒരാളെ ബന്ധുക്കളും ഏറ്റെടുത്തു. എന്നാല്‍ ബാക്കിയുള്ള 13പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. ഒന്നരമാസം മുന്‍പ് മക്കള്‍തന്നെ നടതള്ളിയ 71 ക്കാരനായ മരക്കാരുടെ കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇരിങ്ങല്ലൂര്‍ സ്വദേശിയായ ഇയാള്‍ക്ക് നാലു മക്കളുണ്ട്. ഭാര്യയുമുണ്ട്. ഇതാണ് ഇയാളുടെ കാര്യത്തില്‍ ഇടപെടുന്നതില്‍നിന്ന് അധികൃതരെ വലക്കുന്നത്. തനിക്ക് നാലു മക്കളുണ്ടെന്നതു സത്യമാണെന്നും ആരും ഇതുവഴി വരാറില്ലെന്നും മരുന്നുപോലും വാങ്ങിത്തരാറില്ലെന്നും മരക്കാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ഭാര്യയും അസുഖബാധിതയാണ്. ഇവര്‍ സഹോദരിയുടെ വീട്ടിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രവാര്‍ത്ത വന്നതോടെ ബീച്ച് ആശുപത്രിയെ പ്രായമായവരെ നടതള്ളാനുള്ള പുതിയ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ചിലര്‍. അതില്‍ പിന്നെ ഇവിടേക്ക് ദിവസവും പുതിയ അതിഥികളെത്തുകയാണ്. ഇന്നലെ ഒരാള്‍ വന്നു. കഴിഞ്ഞ ദിവസം നാലുപേരെയാണ് കൊണ്ടുവന്നത്. ഒന്‍പത് പേരെയാണ് രണ്ടാഴ്ചക്കുള്ളില്‍ ഇവിടെ ഉപേക്ഷിച്ചത്. വന്നവര്‍ തിരിച്ചുപോകുന്നില്ല. കൊണ്ടുപോകാന്‍ ബന്ധുക്കളോ അധികൃതരോ എത്തുന്നുമില്ല. വിവരമറിഞ്ഞ് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും സാമൂഹികക്ഷേമ വകുപ്പ് അധികൃതരും എത്തിയിരുന്നു.
16 പേരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്ന ഏഴുപേരെ അസുഖം ഭേദമായെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് പുനഃരധിവസിപ്പിക്കുമെന്നുമായിരുന്നു ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ജയരാജും ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍ അനീറ്റ എസ്‌ലിനും അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടുപേരുടെ കാര്യത്തില്‍ മാത്രമാണിവര്‍ നടപടി സ്വീകരിച്ചത്. മറ്റുള്ളവരുടെ കാര്യത്തില്‍ 60 വയസിന്റെ കാര്യം പറഞ്ഞ് അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.
നടതള്ളുന്നവരില്‍ ഏറെയും 60ല്‍ താഴെ പ്രായമുള്ളവരാണ്. ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍ കഴിയുന്നവരില്‍ അപ്പു (50), ബാദുഷ (51) രണ്ട് സ്ത്രീകള്‍ തുടങ്ങി പത്തിലേറെ പേരുടെയും പ്രായം അറുപതില്‍ താഴെയാണ്. പലര്‍ക്കും ബന്ധുക്കളുണ്ട്. തിരിഞ്ഞു നോക്കുന്നില്ല. തിരൂര്‍ സ്വദേശിയായ അപ്പുവും തിരുവനന്തപുരം സ്വദേശിയായ ബാദുഷയും വര്‍ഷങ്ങളായി ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ വിവരമറിയിച്ചിട്ടും ആരും ബന്ധപ്പെട്ടിട്ടില്ല.
ചിലര്‍ ബന്ധുക്കളെ വിവരമറിയിക്കേണ്ടെന്നാണ് ആവശ്യപെട്ടിരിക്കുന്നത്. ഉറ്റവരെ സ്വീകരിക്കാത്ത ബന്ധുക്കള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ചിരുന്നത് ജില്ലാ കലക്ടര്‍ യു.വി ജോസായിരുന്നു. എന്നാല്‍ ആര്‍ക്കെതിരേയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇവരുടെ പുനഃരധിവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 'തെരുവിലെ മക്കള്‍ക്കൊരു കൈത്താങ്ങി'ന്റെ പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."