ശിവരഞ്ജിത്തിന്റെ ബിരുദവും സംശയനിഴലില്‍: ബിരുദ പരീക്ഷയില്‍ ആദ്യ സെമസ്റ്ററില്‍ തോറ്റു, ആറ് പേപ്പറുകള്‍ക്കും വളരെ കുറഞ്ഞ മാര്‍ക്ക്, രണ്ട്,മൂന്ന് സെമസ്റ്ററിലും പരാജയപ്പെട്ടു
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ ബിരുദവും സംശയനിഴലില്‍. യൂനിവേഴ്‌സിറ്റി കോളജില്‍ പി.ജി വിദ്യാര്‍ഥിയായ ശിവരഞ്ജിത് ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഒന്നുമുതല്‍ നാലുവരെയുള്ള സെമസ്റ്ററില്‍ സപ്ലിമെന്ററി പരീക്ഷകള്‍ എഴുതിയാണ് വിജയിച്ചത്. എന്നാല്‍, അഞ്ചും ആറും സെമസ്റ്ററിലെ പരീക്ഷകളില്‍ ഇയാള്‍ക്ക് എ, ബി ഗ്രേഡുകള്‍ ലഭിച്ചിട്ടുണ്ട്. പി.ജി പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്കാണ് ശിവരഞ്ജിത് നേടിയതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. 2014 ജനുവരിയില്‍ എഴുതിയ ബിരുദ പരീക്ഷയില്‍ ആദ്യ സെമസ്റ്ററില്‍ ശിവരഞ്ജിത്ത് തോറ്റു. ആറ് പേപ്പറുകള്‍ക്കും വളരെ കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. 2014 ജൂലൈയിലെഴുതിയ രണ്ടാം സെമസ്റ്ററിലും ദയനീയമായി പരാജയപ്പെട്ടു. ഇതേവര്‍ഷം നവംബറിലെഴുതിയ മൂന്നാം സെമസ്റ്ററിലും പരാജയപ്പെടുകയായിരുന്നു.
2015 ജനുവരിയിലെഴുതിയ അഞ്ച് പേപ്പറുകളിലും സ്ഥിതി ഇതുതന്നെ. ഇതേ വര്‍ഷം ജൂലൈയിലെ പരീക്ഷകളിലും 2015 ജൂണിലെ നാലാം സെമസ്റ്ററിലും തോറ്റു. ഇവയിലെല്ലാം വിജയിച്ചത് പലതവണയായി സപ്ലിമെന്ററി പരീക്ഷകളെഴുതിയാണ്.
എന്നാല്‍, 2016 ഏപ്രിലില്‍ ആറാം സെമസ്റ്ററില്‍ ഒരു എ ഗ്രേഡും മൂന്ന് ബിയും നേടി എല്ലാ പേപ്പറുകളിലും പ്രോജക്ടിലും ജയിച്ചുകയറി. 2016 ജൂണിലെഴുതിയ നാലാം സെമസ്റ്ററിലെ മൂന്ന് പേപ്പറുകളിലും പ്രാക്ടിക്കലിലും നല്ലവിജയം നേടാനുമായി. ഇതാണ് സംശയമുയര്‍ത്തുന്നത്.
2016ലെ ഉത്തരകടലാസുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയത്. ഇതുസംബന്ധിച്ച അന്വേഷണം ഇഴയുകയാണ്. കോളജ് ഇതുവരെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് പരാതിപോലും നല്‍കിയിട്ടില്ല. ഫോറന്‍സിക്ക് പരിശോധനയും നടന്നില്ല. ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ യൂനിവേഴ്‌സിറ്റി കോളജിലെ അധ്യാപകരെ പൊലിസ് ചോദ്യംചെയ്തിരുന്നു.
എന്നാല്‍, കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണസംഘത്തെ ഇതുവരെയും രൂപീകരിച്ചിട്ടില്ല.
അന്വേഷണം അവസാനിപ്പിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നതായാണ് ആരോപണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേരള യൂനിവേഴ്‌സിറ്റി രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റി അധികൃതര്‍ ഇതു നിഷേധിച്ചിട്ടുണ്ട്.
യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകളും സര്‍വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്യാന്‍ കഴിഞ്ഞ മാസം 22ന് കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കത്തുനല്‍കിയെന്നാണ് സര്‍വകലാശാല പറയുന്നത്. പിടിച്ചെടുത്ത ഉത്തരക്കടലാസുകളുടെ വിവരംതേടി 17ന് സര്‍വകലാശാല രജിസ്ട്രാര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ കത്തിന് അതേദിവസം ലഭിച്ച മറുപടിയില്‍ ഒന്‍പത് ഉത്തരക്കടലാസുകളുടെ വിവരം ലഭിച്ചു. സര്‍വകലാശാല രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ സീരിസില്‍പ്പെട്ട ഉത്തരക്കടലാസുകള്‍ 2015 മുതല്‍ 2018 മെയ് വരെ യൂനിവേഴ്‌സിറ്റി കോളജിന് നല്‍കിയതാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും സര്‍വകലാശാല പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."