പ്രതിഷേധം പാര്‍ലമെന്റില്‍ മാത്രം; തെരുവിലിറങ്ങാതെ കോണ്‍ഗ്രസ്, അമര്‍ഷം, നിരാശ
കോഴിക്കോട്: ജമ്മുകശ്മിരിലെ 370ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ പ്രതിപക്ഷനിരയെ ഒന്നിച്ചുനിര്‍ത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം.
കോണ്‍ഗ്രസ് അയഞ്ഞ നിലപാടെടുക്കുന്നതില്‍ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും കടുത്ത പ്രതിഷേധത്തിലാണ്. കശ്മിര്‍ വിഭജനത്തില്‍ ഒരുഭാഗത്ത് പ്രതിഷേധവും സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മറുഭാഗത്ത് ആഘോഷവും നടക്കുമ്പോള്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കേണ്ട കോണ്‍ഗ്രസിന്റെ സാന്നിധ്യം പേരിന് മാത്രമാണ്.
വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ പ്രതികരിക്കാന്‍ രാഹുല്‍ഗാന്ധി തയാറായത്. കശ്മിര്‍ വിഷയത്തില്‍ ഏറ്റവും പ്രതിഷേധം ഉയര്‍ന്ന കേരളത്തില്‍ പോലും ഒന്നുംചെയ്യാന്‍ കോണ്‍ഗ്രസിനായില്ല. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളും മുസ്‌ലിം ലീഗും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കാഴ്ചക്കാരായി മാറിനില്‍ക്കേണ്ടിവന്നു. മറ്റു പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പത്രക്കുറിപ്പുപോലും ഇറക്കിയില്ല.
കെ.പി.സി.സിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തില്ല. ചില സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് തയാറെടുപ്പുകള്‍ നടന്നെങ്കിലും നേതൃത്വം ആഹ്വാനം ചെയ്യാത്തതിനാല്‍ ഉപേക്ഷിച്ചു.
ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള ഏതാനും നേതാക്കള്‍ പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതികരിച്ചെങ്കിലും ആദ്യദിവസം പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം ഉണ്ടായില്ല. ഇത് നേതാക്കളിലും പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അതിനിടെ, രാജ്യസഭയിലെ പാര്‍ട്ടി വിപ്പ് കശ്മിര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടത് തിരിച്ചടിയായി. ഇതോടെയാണ് ട്വിറ്ററിലൂടെ രാഹുലിന്റെ പ്രതികരണമെത്തിയത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ നേതാക്കള്‍പോലും അതീവ പ്രാധാന്യമുള്ള കശ്മിര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചില്ല. അതേസമയം, സി.പി.എം നേതാക്കള്‍ ശക്തമായ ഭാഷയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. എം.പിമാരായ ശശി തരൂര്‍, ടി.എന്‍ പ്രതാപന്‍, റോജി എം. ജോണ്‍ എം.എല്‍.എ എന്നിവരുടെ പ്രതികരണങ്ങള്‍ മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആശ്വാസം പകര്‍ന്നത്. അതേസമയം, ഇന്നലെ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ആശ്വാസം പകരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ യു.എ.പി.എ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ വോട്ട് ചെയ്തതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസനും രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനുള്ള പ്രതിഷേധം ഇരുവരും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സോണിയാഗാന്ധിയെ അതൃപ്തി അറിയിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ള രണ്ടാംനിര നേതാക്കളും ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ പ്രത്യേക ലക്ഷ്യത്തോടെ കൊണ്ടുവന്ന യു.എ.പി.എ ഭേദഗതി ബില്ലിന് അനുകൂലമായി നിലപാടെടുത്തതില്‍ തെറ്റുപറ്റിയെന്ന് ദേശീയ നേതാക്കളില്‍ പലരും സമ്മതിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. ഇതിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്തെങ്കിലും പുറത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. സമീപകാല സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തുടര്‍ച്ചയായി വീഴ്ച സംഭവിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."