കോഴിക്കോട്ടെ കാഴ്ച്ചയില്ലാത്തവരുടെ റസ്‌ററ്റന്റിനെ പരിചയപ്പെടാം
കോഴിക്കോട്: കാഴ്ചയില്ലാത്തവരുടെ ലോകത്തെ അനുഭവിക്കാന്‍ നിങ്ങളെ ക്ഷണിക്കുകയാണു മലബാര്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്ലൈന്‍ഡ് റസ്റ്ററന്റ്. ലോക കാഴ്ചാ ദിനാചരണത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്‌റ്റോമെട്രിയിലെ ബി.എസ്‌സി വിദ്യാര്‍ഥികളാണു കാഴ്ചയുള്ളവര്‍ക്ക് കാഴ്ചയില്ലാത്തവരുടെ ലോകത്തെ അറിയാന്‍ സൗകര്യമൊരുക്കിയത്.
പൂര്‍ണമായും വെളിച്ചം കടക്കാത്തവിധത്തിലാണ് റസ്റ്ററന്റ് സജ്ജീകരിച്ചത്. ഇവിടേക്കു നിങ്ങളെ കൈപിടിച്ചുകൊണ്ടുപോകുന്നത് കാഴ്ചശേഷിയില്ലാവരാണ്. വെജ്, നോണ്‍ വെജ്, സ്വീറ്റ്‌സ് എന്നിങ്ങനെ മൂന്നു വിഭാഗമാണു റസ്റ്ററന്റിലുള്ളത്. പൂര്‍ണമായും കാഴ്ചശേഷി നഷ്ടപ്പെട്ട 15 പേരാണു റസ്റ്ററന്റിലെ ജീവനക്കാര്‍. ഇരുട്ടില്‍ ഭക്ഷണം കഴിച്ചശേഷം ഇവരെ പുറത്തെക്കുന്നതുവരെ ഇവരുടെ സഹായം ഉണ്ടാകും. നഗരത്തിലെ ബ്ലൈന്‍ഡ് സ്‌കൂളുകളില്‍ നിന്നും മറ്റുമുള്ളവരാണ് ഇവിടെയുള്ളത്. ഇന്നലെ തുടങ്ങിയ ബ്ലൈന്‍ഡ് റസ്റ്ററന്റ് ഞായറാഴ്ച അവസാനിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ കെ.പി ജയചന്ദ്രന്‍ പറഞ്ഞു.
ഇന്നലെ 50 പേരാണ് റസ്റ്ററന്റില്‍ കാഴ്ചയില്ലാത്തവരുടെ അനുഭവം മനസിലാക്കാനെത്തിയത്. കാഴ്ചാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം മാനാഞ്ചിറയില്‍ നടത്തിയ റാലി അസി. കമ്മിഷണര്‍ (നോര്‍ത്ത്) പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് മാളില്‍ ബോധവല്‍കരണവുമായി ബന്ധപ്പെട്ട് ഫ്‌ളാഷ് മോബും നടത്തിയിരുന്നു.
നേരത്തെയും കാഴ്ചയില്ലാത്തവരുടെ അനുഭവം മനസിലാക്കാന്‍ ടണല്‍ ഓഫ് ഡാര്‍ക്‌നസ് എന്ന പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. പച്ചക്കറി മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയെ ശബ്ദത്തിലൂടെ മാത്രം അനുഭവിക്കുന്ന സംവിധാനമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."