സ്‌പോര്‍ട്‌സ് കൗണ്‍സിലേ കനിയണേ...
കാഞ്ഞങ്ങാട്: പഞ്ചഗുസ്തിയെന്നാല്‍ ജീവനാണ്, ദേശീയ മത്സരം കഴിഞ്ഞു, പരിമിതികളൊക്കെ മറികടന്ന് നന്നായി മത്സരിക്കാന്‍ കഴിഞ്ഞു, ഇന്റര്‍നാഷനല്‍ ചാംപ്യന്‍ഷിപ്പാണ് ഇനി കണ്‍മുന്നില്‍, അതില്‍ മത്സരിക്കുകയെന്നത് അടുത്ത ലക്ഷ്യമാണ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരേ നിങ്ങള്‍ കൂടെയുണ്ടാവില്ലേ, ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ കുശാല്‍ നഗറിലെ കെ.വി സുനില്‍ കുമാറിന്റേതാണീ വികാര നിര്‍ഭരമായ വാക്കുകള്‍. 46 വയസുകാരനായ സുനില്‍ കുമാര്‍ കഴിഞ്ഞ 28, 29, 30 തിയതികളില്‍ സിക്കിമില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലാണ് കേരളത്തിന് സ്വര്‍ണമെഡല്‍ സമ്മാനിച്ചത്. 105 കിലോ വിഭാഗം മാസ്റ്റര്‍ മത്സരത്തിലായിരുന്നു മെഡല്‍നേട്ടം. സീനിയര്‍ വിഭാഗത്തില്‍ വെങ്കലവും കരസ്ഥമാക്കി.
ദേശീയ ചാംപ്യന്‍ഷിപ്പിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയോ സംസ്ഥാന കായിക വകുപ്പിന്റേയോ ഒരു സഹായ സഹകരണവുമുണ്ടായില്ല. ദേശീയ താരം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ലിസ്റ്റില്‍ പോലും ഇല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. ടയര്‍ വര്‍ക്ക്ഷാപ്പില്‍നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സുനിലും കുടുംബവും ജീവിക്കുന്നത്. അതിന് പുറമേ പിഗ്മിയില്‍ അടക്കുന്ന പണം കൊണ്ടാണ് ദേശീയ ചാംപ്യന്‍ഷിപ്പിനായി സിക്കിമിലെത്തിയത്. ഒരു രൂപയുടെ സഹായം പോലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
1992 മുതലേ പഞ്ചഗുസ്തിയില്‍ സജീവമാണ് സുനില്‍ കുമാര്‍. റബ്ബറിന്റെ ട്യൂബ് വലിച്ചും ഇടക്കിടെ ജിമ്മില്‍ പോകുന്നതും മാത്രമാണ് പരിശീലനം. 2000ത്തിലാണ് മധ്യപ്രദേശില്‍നിന്ന് സുനിലിന്റെ കുടുംബം കാഞ്ഞങ്ങാട്ടെ കുശാല്‍ നഗറിലെത്തിയത്. 1997ല്‍ മധ്യപ്രദേശിലെ ആര്‍മി സെന്ററില്‍ പ്യൂണായി ജോലിക്ക് ശ്രമിച്ചെങ്കിലും തഴയപ്പെട്ടു. ഇതിന് മുന്‍പ് പല വിദേശ രാജ്യങ്ങളില്‍നിന്നും ക്ഷണം ലഭിച്ചുവെങ്കിലും സാമ്പത്തികമായ പിന്നാക്കം കാരണം പോകാന്‍ സാധിച്ചില്ലെന്ന് സുനില്‍ കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇപ്പോള്‍ 46 വയസായി, ചൈനയിലെ ഇന്റര്‍നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ പോകാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കഴിഞ്ഞെന്നു വരില്ല. എന്ത് ത്യാഗം സഹിച്ചും ചൈനയിലെത്തുമെന്ന് തന്നെയാണ് പഞ്ചഗുസ്തി ദേശീയ ചാംപ്യന്‍ സുനില്‍ കുമാറിന്റെ വിശ്വാസം.
സാമ്പത്തികമായ പരിമിതികളെയെല്ലാം മറികടന്ന് ദേശീയ ചാംപ്യനായ ഈ താരത്തോടുള്ള അവഗണന ഇനിയും സര്‍ക്കാര്‍ കൈക്കൊള്ളുകയാണ്. കേരളത്തിനായി ഒട്ടേറെ മെഡല്‍ വാരിക്കൂട്ടാനുള്ള അവസരമാണ് ഇവിടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നഷ്ടപ്പെടുന്നത്. ഇനിയും അന്താരാഷ്ട്ര തലത്തില്‍ താരത്തിലൂടെ കേരളത്തിന്റെ മുദ്ര പതിയണമെങ്കില്‍ സര്‍ക്കാര്‍ കനിയേണ്ടതുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലടക്കമുള്ള സംവിധാനങ്ങള്‍ കാര്യമായി ഇടപെടുകയാണെങ്കില്‍ രക്ഷപ്പെടുന്നത് ഒരു പാവപ്പെട്ട കുടുംബം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."