ഒന്‍പത് വയസുകാരനെ പൊള്ളിച്ച സംഭവം; പിതാവും അറസ്റ്റില്‍
തൊടുപുഴ: പഫ്സ് വാങ്ങാന്‍ പിതാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് 10 രൂപ എടുത്തതിന് ഒന്‍പത് വയസുകാരനെ അമ്മ പൊള്ളിച്ച സംഭവത്തില്‍ പിതാവും അറസ്റ്റില്‍. മാതാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇവരുടെ മക്കളെ ശിശുസംരക്ഷണ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോലാനിയിലെ ബാലഭവനിലേക്ക് മാറ്റി. തൊടുപുഴ കുമാരമംഗലത്താണ് സംഭവം നടന്നത്.
കുട്ടികളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളാരും ശിശുസംരക്ഷണ സമിതി മുന്‍പാകെ ഹാജരായിരുന്നില്ല. ഇതിനേത്തുടര്‍ന്നാണ് ബാലഭവനില്‍ പ്രവേശിപ്പിക്കാന്‍ ജില്ലാ ശിശുസംരക്ഷണസമിതി ചെയര്മാന് പി.ജി ഗോപാലകൃഷ്ണന് നായര്‍ ഉത്തരവിട്ടത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെയും ചുമതലപ്പെടുത്തി.കുട്ടികളുടെ തുടര്‍പഠനം, സംരക്ഷണം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്മാന് പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് സ്കൂളുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്ന് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോമറ്റ് ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച കുട്ടികളെ സ്കൂളില്‍ എത്തിക്കും.
ഇളയകുട്ടിയെ വീട്ടുകാര്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തിരുന്നു. പൊള്ളലേറ്റ കുട്ടിയുടെ ടി.സി പഠിച്ചിരുന്ന സ്കൂളില്‍നിന്ന് അമ്മ വാങ്ങിയതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്മയാണ് ഉപദ്രവിച്ചതെന്നാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെയും കുട്ടികള്‍ ആവര്‍ത്തിച്ചത്. അച്ഛനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കട്ടിലിന്റെ അടിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."