ചേളാരി ഐ.ഒ.സി 17ന് രേഖകള്‍ വിദഗ്ധ സമിതിക്ക് കൈമാറണം
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ രേഖകള്‍ 17ന് പഞ്ചായത്ത് നിയമിച്ച വിദഗ്ധ സമിതിക്ക് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശം.
പഞ്ചായത്ത് രൂപികരിച്ച ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്ലാന്റിനകത്ത് പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം പ്ലാന്റ് അസി. മാനേജര്‍ ലക്ഷ്മിപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം നിര്‍ദേശിച്ചതും കത്ത് കൈമാറിയതും. മുഴുവന്‍ പ്ലാനുകളും പഞ്ചായത്തിന് നല്‍കാന്‍ ഐ.ഒ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ക്ലിയറന്‍സ് വ്യക്തമാക്കുന്ന പെസോയുടെ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും സുരക്ഷ സംവിധാനങ്ങളുടെ വിശദ വിവരങ്ങളും സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലാന്റിലെ ഗ്യാസ് ടാങ്കുകളടക്കമുള്ളവയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. വരുംദിവസങ്ങളിലും പരിശോധന നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. ഐ.ഒ.സി പ്ലാന്റിന് മുന്നിലെ പെട്രോള്‍ പമ്പിന് ഐ.ഒ.സിയാണോ അനുമതി നല്‍കിയതെന്ന ചോദ്യത്തിന് സ്ഥലം മാത്രമെ നല്‍കിയിട്ടുള്ളുവെന്നും പമ്പ് നടത്തിപ്പുമായി ബന്ധമില്ലെന്നുമാണ് ഐ.ഒ.സിയുടെ പ്രതികരണമെന്നും പരിശോധനാസംഘം പറഞ്ഞു. പ്ലാന്റിന്റ സുരക്ഷാവീഴ്ചകളും അനധികൃത നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ കള്ളിയില്‍ സവാദ് അവതരിപ്പിച്ച പ്രമേയത്തിന്റെയും ജനകീയ സമരസമിതി ചെയര്‍മാന്‍ പി.എം മുഹമ്മദലി ബാബു നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പ്രാഥമിക പരിശോധനയില്‍ പഞ്ചായത്തിന്റെ ലൈസന്‍സില്ലാത്ത ഒട്ടേറെ കെട്ടിടങ്ങളുള്ളതായി വ്യക്തമായതായി ഗ്രാമപഞ്ചായത്തംഗം എ.പി സലീം പറഞ്ഞു. അതുപോലെ 600 മെട്രിക് ടണ്‍ സംഭരണശേഷിക്കാണ് പഞ്ചായത്തിന്റെ അനുമതിയുള്ളൂവെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ 2800 മെട്രിക് ടണ്‍ സംഭരണശേഷി നിലവില്‍ ഐ.ഒ.സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
ജനറല്‍ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍ 17ന് മാനേജര്‍ എത്തുന്ന മുറക്ക് പഞ്ചായത്ത് എഴുതി നല്‍കിയ 12 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് അസി. മാനേജര്‍ അറിയിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എം. മധുസൂദനന്‍, പഞ്ചായത്ത് അംഗങ്ങളായ എ.പി സലിം, കള്ളിയില്‍ സവാദ്, കെ.ഇ ഇണ്ണിക്കമ്മു, മുഹമ്മദ് കാട്ടുകഴി തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."