തീര്‍ഥാടന ടൂറിസത്തിന് 9.03 കോടി രൂപ
പൊന്നാനി: തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി പൊന്നാനി വലിയ പള്ളിയെയും തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തെയും ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ കേന്ദ്രം 9.03 കോടി രൂപ അനുവദിച്ചു. തീര്‍ഥാടന ടൂറിസത്തിന്റെ മൂന്നാം ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
കാസര്‍കോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രം, കല്‍പാത്തി ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി നൈാര്‍ പള്ളി, ചമ്പക്കുളം സെന്റ് മേരീസ് ചര്‍ച്ച്, തിരുവല്ല മാര്‍ത്തോമാ ചര്‍ച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയവയും പദ്ധതിയിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനത്തെ 147 തീര്‍ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. ഇവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനു സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്കു കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു.
വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്നു സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പൊന്നാനിയുടെ തുറമുഖ ചരിത്രത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനാവശ്യമായ ചരിത്ര രേഖകളുള്‍പ്പെടെയുള്ളവയുടെ ശേഖരവും മലയാള ഭാഷയുടെ പിറവിക്കു മുന്‍പുതന്നെ അറബിയിലുള്ള നിരവധി സാഹിത്യകൃതികളുടെ രചയിതാവായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചരിത്ര മ്യൂസിയവും പൊന്നാനി കേന്ദ്രീകരിച്ചു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."