പാരിസ് കരാറില്‍നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റം
2015 ഡിസംബര്‍ 24ന് ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയില്‍ പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടി തീരുമാനത്തില്‍നിന്നു അമേരിക്ക പിന്‍മാറുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ലോകത്തിന്റെ നിലനില്‍പ്പിനോടുള്ള വെല്ലുവിളിയാണ്. ചൈനയുടെ ഗൂഢാലോചനയാണ് പാരിസ് ഉടമ്പടിയെന്നും ഇത് യു.എസ് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആഗോളതാപനം കെട്ടുകഥയാണെന്നുമുള്ള വങ്കത്തരങ്ങളാണ് കരാറില്‍നിന്നു പിന്‍മാറുന്നതിന് ട്രംപ് എഴുന്നള്ളിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് കാര്‍ബണ്‍ നിര്‍ഗമനം ലഘൂകരിച്ച് വ്യാവസായിക വിപ്ലവത്തിനു മുന്‍പുള്ള സ്ഥിതിയിലേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു പാരിസ് ഉടമ്പടിയില്‍ പ്രഖ്യാപിച്ചിരുന്നത്. താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കരാറില്‍നിന്ന് പിന്മാറുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍തന്നെ ട്രംപ് പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകമാനം ദുരന്തമുഖത്തേക്ക് നയിക്കുകയാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പാരിസില്‍ 200 രാജ്യങ്ങള്‍ ചേര്‍ന്ന് പാരിസ് ഉടമ്പടിക്ക് രൂപം നല്‍കിയത്. 1995 ഡിസംബര്‍ 11ന് ജപ്പാനിലെ ക്യോട്ടോവില്‍ ഒപ്പുവച്ച കരാറിന്റെ കാലാവധി 2020ല്‍ അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലായിരുന്നു പാരിസ് ഉച്ചകോടി.
ക്യോട്ടോ ഉടമ്പടിയിലും അമേരിക്ക ഒപ്പിട്ടിരുന്നില്ല. ഹരിത ഗൃഹവാതകങ്ങള്‍ ഇന്ത്യയും ചൈനയുമാണ് കൂടുതലായും പുറത്തേക്ക് വിടുന്നതെന്നും അതിനാലാണ് ആഗോളതാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്നും അമേരിക്കയുടെ ആരോപണമാണ്. ഫോസില്‍ ഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള വികസിതരാജ്യങ്ങളുടെ ക്രമാതീതമായ കാര്‍ബണ്‍ പുറംതള്ളല്‍ കാരണമാണ് ലോകത്ത് ഇന്ന് കാണുംവിധമുള്ള കാലാവസ്ഥാ വ്യതിയാനമുണ്ടായതെന്നത് നിസ്തര്‍ക്കമാണ്. ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങളെ കുറിച്ച് വികസിത രാജ്യങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടും അമേരിക്കയുടെ ഇപ്പോഴത്തെ പിന്മാറ്റം അന്തരീക്ഷ മലിനീകരണ തോത് ഇനിയും വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടിരിക്കുകയാണ്.
പല രംഗങ്ങളിലും സോളാര്‍ പദ്ധതി വഴിയുള്ള ഇന്ധനസാധ്യത പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2030 ആകുമ്പോഴേക്കും ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ടിവരില്ല എന്നാണ് കരുതുന്നത്. ഇന്ത്യയുടെ സോളാര്‍ പദ്ധതികളില്‍ വന്‍തോതില്‍ വിദേശനിക്ഷേപം ഉണ്ടാവുകയാണെങ്കില്‍ ഈ ആശയം ഫലവത്താകും. ആഗോളതാപനം ഭീകരതക്ക് തുല്യമാണെന്ന് ഫ്രാന്‍സിന്റെ ഭരണത്തലവന്‍ റാന്‍സ ഒലോത് പാരിസ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പരാമര്‍ശം ആഗോളതാപനം ലോകത്തെ മുച്ചൂടും നശിപ്പിക്കുന്നതാണെന്ന യാഥാര്‍ഥ്യത്തില്‍ ഊന്നിയുള്ളതായിരുന്നു. 2015ല്‍ ഐ.എസ് ആക്രമണത്തിന് ഇരയായ രാജ്യമാണ് ഫ്രാന്‍സ്. അത്തരം ഒരു സത്യത്തെ അവഗണിച്ചുകൊണ്ടാണ് അമേരിക്കയുടെ പാരിസ് ഉച്ചകോടിയില്‍നിന്നുള്ള പിന്മാറ്റം. ഭീകരതപോലെതന്നെ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് കാലാവസ്ഥാ വ്യതിയാനം. ഇത് മൂലമുണ്ടാകുന്ന കൃഷിനാശം ആഗോളതലത്തില്‍തന്നെ ദൃശ്യമാണ്. പട്ടിണിയും ദാരിദ്ര്യവും ആഗോളതാപനം മൂലമുണ്ടാകുമ്പോള്‍ ലോകം ഇന്നേവരെ ആര്‍ജിച്ച എല്ലാ ഭൗതിക നേട്ടങ്ങളുടെയും അന്ത്യമായിരിക്കും സംഭവിക്കുക. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങള്‍ ഹരിതഗൃഹവാതകങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്ന കാര്‍ബണ്‍ ക്രമാതീതമായി അന്തരീക്ഷത്തിലേക്ക് തുറന്നുവിട്ടതിന്റെ ദുരന്തങ്ങളാണ് ലോകം ഇന്ന് അനുഭവിക്കുന്നത്.
ഭൂമിയെ സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍നിന്നു കാത്തുരക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ക്ക് കാര്‍ബണ്‍ ദ്വാരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഭൂമിയുടെ ചൂട് ക്രമാതീതമായി വര്‍ധിക്കുകയും തന്മൂലം മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പ് ഉയരുകയും ചെയ്തു. ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വിള്ളല്‍ കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ മഞ്ഞുരുക്കം ഉണ്ടാവുകയും അത് ദ്വീപ് സമൂഹങ്ങള്‍ കടലില്‍ മുങ്ങിപ്പോകാനുള്ള സാധ്യത ഏറുകയും ചെയ്യും. വ്യാപകമായ കൃഷിനാശം സംഭവിച്ചേക്കാം. ഇത്തരം വിപത്തുകള്‍ തടയുവാന്‍ അന്തരീക്ഷ മലിനീകരണ തോത് വികസിത രാജ്യങ്ങള്‍ കുറക്കുകയല്ലാതെ വേറെ കുറുക്കുവഴികളൊന്നുമില്ല. ഈ വിപത്ത് തടയുവാനായി 200 ഓളം രാജ്യങ്ങള്‍ ഒപ്പിട്ട കരാറില്‍നിന്നാണ് അമേരിക്ക പിന്‍മാറുമെന്ന് പറയുന്നത്. ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും ഇത്.
11 ദിവസമാണ് പാരിസില്‍ ലോക രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ സമ്മേളിച്ച് കരാറിന് അന്തിമ രൂപം നല്‍കിയത്. അതാണ് ഇപ്പോള്‍ ട്രംപ് പിച്ചിച്ചീന്താന്‍ ശ്രമിക്കുന്നത്. മണ്ണിനും മനുഷ്യനും നിലനില്‍ക്കണമെങ്കില്‍ ലോകം നിലനിന്നേ മതിയാകൂ എന്നും അതിന് വേണ്ടത് പ്രകൃതിയെ സംരക്ഷിച്ച് നിര്‍ത്തലാണെന്നുമുള്ള സാമാന്യ വിവരംപോലും ഡൊണാള്‍ഡ് ട്രംപിന് ഇല്ലാതെപോയോ...?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."