വന്യജീവികള്‍ നാട്ടിന്‍പുറങ്ങളിലേക്ക്; കര്‍ഷകര്‍ ദുരിതത്തില്‍
നെയ്യാറ്റിന്‍കര: കാലാവസ്ഥ വ്യതിയാനം കാടിനെ വറുതിയിലേയ്ക്ക് തള്ളിവിട്ടതോടെ വന്യജീവികള്‍ ആഹാരവും വെള്ളവും തേടി നാട്ടിന്‍പുറങ്ങളിലിറങ്ങുകയാണ്. ആന, കാട്ടുപോത്ത്, കാട്ടുകാള, മാന്‍, മ്ലാവ്, കാട്ടാടുകളും വന്‍ തോതില്‍ നാട്ടിന്‍പുറങ്ങളിലിറങ്ങി ആഹാരം തേടുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവിത മാര്‍ഗമായ കൃഷിയും കാര്‍ഷിക വിളകളുമാണ്.
നെയ്യാര്‍ കാടുകളിലെ കൊമ്പെ, പുരവിമല, കുന്നത്തുമല, തെന്മല, കണ്ണുമാമൂട്, ചാക്കപ്പാറ, കൈപ്പംപ്ലാവിള, പന്തപ്ലാമൂട്, അയ്യവിളാകം തുടങ്ങിയ ആദിവാസി സെറ്റില്‍മെന്റുകളിലെ കൃഷികള്‍ മുഴുവന്‍ വന്യജീവികള്‍ നശിപ്പിക്കുകയാണ്.
കൂട്ടത്തോടെയെത്തുന്ന വന്യമൃഗങ്ങള്‍ നെയ്യാര്‍ റസര്‍വോയര്‍ നീന്തിക്കടന്നെത്തിയാണ് നാട്ടിന്‍പുറങ്ങളിലെ കൃഷി ഭൂമികള്‍ ഉഴുതുമറിയ്ക്കുന്നത്. ഈ മേഖലകളില്‍ കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായവര്‍ നിരവധിയാണ്. അഗസ്ത്യമല കാടുകളിലെ ഉള്‍ഭാഗങ്ങളില്‍ വസിച്ചിരുന്ന ആനയും കാട്ടുപോത്തും കാട്ടുകാളകളും മാനുകളുമെല്ലാം വെള്ളവും ആഹാരവും തേടിയാണ് പുറംനാടുകളില്‍ എത്തുന്നത്. നെയ്യാര്‍ റിസര്‍വോയറില്‍ ആവശ്യത്തിന് ജലമുള്ളതിനാല്‍ വെള്ളം കുടിച്ചും നീരാടിയും വന്യജീവികള്‍ നാട്ടിന്‍പുറങ്ങളിലേക്കെത്തുകയാണ്.
കടംവാങ്ങിയും ലോണ്‍ എടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഉള്‍കാടുകളില്‍ വിഹരിച്ചിരുന്ന കടുവ, പുലി, കരടി, ചെന്നായ്ക്കളും ജലാശയം തേടിയുള്ള സഞ്ചാരം ആദിവാസി ഊരുകളിലെ ഭൂരിഭാഗം വളര്‍ത്തു മൃഗങ്ങളെയും കൊന്നൊടുക്കുന്നു എന്ന പരാതികളും വ്യാപകം.
മലയോര ഗ്രാമങ്ങളില്‍ വന്യജീവികളുടെ ശല്യംമൂലം നാട്ടുകാര്‍ പൊറുതിമുട്ടിയിട്ട് കാലങ്ങള്‍ ഏറെയായി. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ ആളില്ലാത്ത വീടുകളില്‍ അതിക്രമിച്ച് കയറി വീടുകളില്‍ പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരസാധനങ്ങള്‍ ഭക്ഷിച്ച് കടന്നുകളയുകയാണ് പതിവ്.
അടുത്തിടെ വെള്ളറടയില്‍ കുരങ്ങ് തേങ്ങാ പറിച്ചെറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന അധികൃതര്‍ നല്‍കിയ ഉറപ്പും പാഴ്‌വാക്കായി.
വാനരന്മാരെ പിടികൂടാന്‍ പഞ്ചായത്ത് തലത്തില്‍ കൂടുകള്‍ സ്ഥാപിച്ചെങ്കിലും ഇവ വേണ്ട വിധം പ്രയോജനം ചെയ്തില്ലായെന്നും പരാതിയുണ്ട്. പുരവിമല, കൊമ്പൈകടവ്, തെന്മല, ആമല തുടങ്ങിയ നിബിഢ വനങ്ങളില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സുകള്‍ ഒരു പരിധിവരെ ഗുണം ചെയ്തതായും പറയുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ നാണ്യവിളകള്‍ ഒന്നും തന്നെ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷി മുടങ്ങിയതോടെ കര്‍ഷക കുടുംബങ്ങള്‍ പൂര്‍ണമായും പട്ടിണിയുടെ പിടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."