സര്‍ക്കാര്‍ ഭവന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാത്ത ഗുണഭോക്താക്കളെ പട്ടികയില്‍ നിന്ന് നീക്കും
കൊണ്ടോട്ടി: സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ ഭവന പദ്ധതികളില്‍ നാളിതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാത്ത ഗുണഭോക്താക്കളെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഒന്നാംഘട്ടം, രണ്ടാംഘട്ടം, കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയായ പി.എം.എ.വൈ ലൈഫ് എന്നിവയില്‍ ഗുണഭോക്താക്കളായിട്ടും എഗ്രിമെന്റ് വെക്കാതെ പദ്ധതിയോട് സഹകരിക്കാത്തവരെയാണ് പട്ടികയില്‍ നിന്നും നീക്കുന്നത്. ഇവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ നിരവധി തവണ സമയം അനുവദിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങളുമായി എഗ്രിമെന്റ് വെച്ചിട്ടില്ല.
സംസ്ഥാനത്ത് ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പുനര്‍നിര്‍മാണത്തിന് അപേക്ഷിച്ചത് 54, 364 പേരാണ്. ഇവരില്‍ 51, 344 ഗുണഭോക്താക്കളും വീട് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
ശേഷിക്കുന്ന 3, 020 പേര്‍ ഇതുവരെ എഗ്രിമെന്റ്് വെച്ചിട്ടില്ല. കഴിഞ്ഞ മാസം 30 നുള്ളില്‍ എഗ്രിമെന്റ് വെക്കണമെന്ന് അവസാന അറിയിപ്പ് നല്‍കിയിരുന്നു. ഇവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. രണ്ടാംഘട്ടത്തില്‍ 97, 420 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തിയത്. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും ഇവരില്‍ 88, 520 പേരാണ് സര്‍ക്കാറുമായി വീട് നിര്‍മാണത്തിന് എഗ്രിമെന്റ് വെച്ചത്. ശേഷിക്കുന്ന 8, 900 പേര്‍ ഇതുവരെ പദ്ധതിയോട് സഹകരിച്ചിട്ടില്ല. ഒന്നര വര്‍ഷത്തിനിടെ 30, 613 വീടുകളാണ് (34.58 ശതമാനം) ഇതുവരെ പൂര്‍ത്തിയാക്കിയത്.
പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയിലും 93, 064 പേരാണ് ഗുണഭോക്തൃ ലിസ്റ്റിലുളളത്. ഇവരില്‍ 72, 388 പേരാണ് തദ്ദേശ സ്ഥാപനങ്ങളുമായി എഗ്രിമെന്റ് വെച്ചിട്ടുള്ളത്. 20, 676 പേര്‍ ഇതുവരെ വീട് നിര്‍മാണത്തിന് എഗ്രിമെന്റ് വെച്ച് മുന്നോട്ടുവന്നിട്ടില്ല. ഇതുവരെയായി 21, 776 (30.08 ശതമാനം) ഗുണഭോക്താക്കളാണ് വീട് പണികള്‍ പൂര്‍ത്തീകരിച്ചത്. നാലുലക്ഷം രൂപയാണ് ഓരോ പദ്ധതി വഴിയും നിര്‍മാണത്തിന്റെ പുരോഗതിക്ക് അനുസരിച്ച് നല്‍കുന്നത്.
ഭവന പദ്ധതികളില്‍ വീടിന്റെ തറ വിസ്തീര്‍ണം 420 ചതുരശ്ര അടിയാണ് നിജപ്പെടുത്തിയത്. ഇത് 600 ചതുരശ്ര അടിയില്‍ കൂടിയാല്‍ അവസാന ഗഡുക്കളത്രയും ലഭിക്കില്ല. തറ വിസ്തീര്‍ണം കൂടിയതാണ് നിരവധി പേര്‍ എഗ്രിമെന്റ് വെക്കാന്‍ മടിക്കുന്നതെന്നാണ് വിവരം. മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരും ഗുണഭോക്തൃ ലിസ്റ്റിലുണ്ട്. ഭവന പദ്ധതി പൂര്‍ത്തീകരണത്തിനായി 4, 000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഹഡ്‌കോയില്‍ നിന്നും വായ്പ എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."