പാക് ബാലന് ഇന്ത്യയില്‍ ചികിത്സ ഒരുക്കി വിദേശകാര്യമന്ത്രി
ഹൈദരാബാദ്: കുല്ഭൂഷണ് ജാദവ് പ്രശ്നവും അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നുണ്ടെങ്കിലും പാക് വംശജനായ ശിശുവിന് ഇന്ത്യയില്‍ ചികിത്സക്കായി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് മെഡിക്കല്‍ വിസ അനുവദിച്ചു.
പാക് പൗരന് കെന്സിദ് ആണ് തന്റെ രണ്ടര വയസുകാരനായ മകന്റെ ചികിത്സക്കായി മെഡിക്കല്‍ വിസ അനുവദിക്കണമെന്ന ആവശ്യവുമായി വിദേശ കാര്യ മന്ത്രിയെ സമീപിച്ചത്. ഇതിനായി ഇയാള്‍ ട്വിറ്ററിലാണ് ആവശ്യം ഉന്നയിച്ചത്. കുട്ടിയുടെ ഫോട്ടോയും ട്വിറ്ററിലിട്ടതോടെ നിരവധിപേരാണ് ഇതിനോട് പ്രതികരിച്ചത്. കുട്ടിക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ആവശ്യം ശക്തമായി. ഇതോടെയാണ് സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്. ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതോടെയാണ് കുട്ടിയുടെ ചികിത്സാ ആവശ്യവുമായി പിതാവ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്.
ട്വീറ്റിനോട് പ്രതികരിച്ച സുഷമ സ്വരാജ്, ചികിത്സാ സംബന്ധിച്ച കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിക്കുകയും പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മാസത്തെ മെഡിക്കല്‍ വിസക്കായി അപേക്ഷിച്ച കെന്സിദിന് നാല് മാസത്തേക്കുള്ള വിസ വിദേശ കാര്യ മന്ത്രാലയം അനുവദിച്ചു. മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് കെന്സിദ് ട്വീറ്റ് ചെയ്തു. അവന് എന്റെ മകനാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് അവനറിയില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."