മത്സ്യത്തൊഴിലാളികള്‍ക്ക് തുക അനുവദിക്കാതിരുന്ന കേസുകളില്‍ നടപടി
കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി ലഭിക്കേണ്ട തുക കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടും അനുവദിക്കാതിരുന്ന കേസുകളില്‍ കമ്മിഷന്റെ നടപടി. ജില്ലാ സഹകരണ ബാങ്കിന്റെ സസ്‌പെന്‍സ് അക്കൗണ്ടില്‍ ലഭ്യമായ അഞ്ച് ലക്ഷം രൂപയില്‍ നിന്നും തുക അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി. മുന്‍ ഉത്തരവ് പ്രകാരം കടാശ്വാസ തുക ലഭിച്ചതിനെ തുടര്‍ന്ന് എട്ട് പേരുടെ ഈടാധാരം തിരികെ നല്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഏഴ് കേസുകളില്‍ വായ്പ കണക്ക് തീര്‍പ്പാക്കിയതായി ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രളയ ദുരിതത്തില്‍ വീട് നശിച്ച മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച കടാശ്വാസ തുകക്ക് പുറമെ ബാധ്യതയുള്ള മുതല്‍ തുകക്ക് പലിശ ഒഴിവാക്കി നല്കാന്‍ വെസ്റ്റ് ക്വെയിലോണ്‍ സര്‍വിസ് ബാങ്കിനോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
തെക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത ഒരു വായ്പയില്‍ കടാശ്വാസമായി 67,067 രൂപ അനുവദിക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 50000 രൂപയുടെ മറ്റൊരു വായ്പയില്‍ ശുപാര്‍ശ ചെയ്ത കടാശ്വാസം ബാങ്കിന് ലഭിക്കും മുമ്പ് വായ്പ പുതുക്കി നല്കി അതില്‍ നിന്നും ഈടാക്കിയതിനാല്‍ അര്‍ഹമായ തുക പരാതിക്കാരിയുടെ പുതിയ വായ്പയില്‍ വകയിരുത്തി നല്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്കി. ഈടാധാരം തിരികെ നല്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പുന:പരിശോധന വേണമെന്ന് ഹര്‍ജി നല്‍കിയ ഭവന നിര്‍മാണ ബോര്‍ഡ് കൊല്ലം ഡിവിഷന്റെ ആവശ്യം കമ്മിഷന്‍ നിരസിക്കുകയും എത്രയും വേഗം ഈടാധാരങ്ങള്‍ തിരികെ നല്കി വായ്പ ക്ലോസ് ചെയ്യാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ അദാലത്തില്‍ നിര്‍ദ്ദേശം നല്‍കിയത് പ്രകാരം സംസ്ഥാന സഹകരണ ബാങ്ക് കൊല്ലം ശാഖ, പരവൂര്‍ സര്‍വ്വിസ് സഹകരണ ബാങ്ക്, ചവറ സര്‍വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കേസുകളില്‍ ഈടാധാരവും രേഖകളും തിരികെ നല്കിയത് ബോധ്യപ്പെട്ട് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. അഞ്ചാലുംമൂട് ശാഖയില്‍ നിന്നും വായ്പയെടുത്ത ഒരു മത്സ്യത്തൊഴിലാളിക്ക് ഒന്നര ലക്ഷം രൂപ തിരികെ നല്കാനും ചവറ ശാഖയില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സസ്‌പെന്‍സ് അക്കൗണ്ടില്‍ നിന്നും തുക ലഭ്യമായ സാഹചര്യത്തില്‍ നിര്‍ബന്ധിപ്പിച് അടച്ച നാല് ലക്ഷം രൂപയും തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കി.
കടാശ്വാസം അനുവദിക്കാന്‍ കമ്മിഷന്‍ നല്കിയ ഉത്തരവുകള്‍ പാലിക്കാത്ത കേസുകളില്‍ നടപടി ത്വരിതപ്പെടുത്തി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത കടാശ്വാസം ഉടന്‍ നല്‍കുന്നതിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മിഷന്‍ മുമ്പാകെ ഇന്ന് ലഭിച്ച പുതിയ പരാതികളും ഹാജരാകാത്ത കക്ഷികളുടെ പരാതികളും കൂടുതല്‍ രേഖകളോ അധിക വിശദാംശങ്ങളോ ആവശ്യപ്പെട്ട കേസുകളും അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് കമ്മിഷന്‍ ഉത്തരവിട്ടു.
കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക കണക്കില്‍ വരവ് വച്ച് വായ്പാ കണക്ക് തീര്‍പ്പാക്കി ഈട് പ്രമാണങ്ങള്‍ തിരികെ നല്‍കാത്തതും അധികം തുക ഈടാക്കിയതും അമിത പലിശ ഈടാക്കിയതും കടാശ്വാസ തുക വകമാറ്റി വകയിരുത്തിയതുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ ഏതാനും സിറ്റിങുകളില്‍ കമ്മിഷന്‍ തീര്‍പ്പ് കല്‍പിച്ച് ഉത്തരവായിരുന്നു. എന്നാല്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ ഉത്തരവ് പാലിക്കാതിരിക്കുന്നതായി കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 52 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. രണ്ട് കേസുകളില്‍ പരാതിക്കാരോ എതിര്‍ കക്ഷികളോ ഹാജരാകാത്തതിനാല്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ രാവിലെ 10ന് ആരംഭിച്ച സിറ്റിംഗില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായി. അംഗങ്ങളായ കൂട്ടായി ബഷീര്‍, അഡ്വ.വി.വി ശശീന്ദ്രന്‍,എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."