ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ ഉത്തരവായി
കൊല്ലം: ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് ലഭിക്കാനുളള അവകാശം അംഗീകരിച്ചു കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവായതായി എന്‍.കെ പ്രേമചന്ദ്രന് എം.പി. അറിയിച്ചു. 1995 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് സ്കീമിലെ ഉയര്‍ന്ന പെന്‍ഷനുളള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്ന ഇ.പി.എഫ് അധികൃതരുടെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. ഇ.പി.എഫ് പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഉണ്ടായ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന് എം.പി യുടെ നേതൃത്വത്തില്‍ യൂനിയനുകള്‍ ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലാണ് ഇ.പി.എഫ് അധികാരികളുടെ തൊഴിലാളി വിരുദ്ധ ഉത്തരവുകള്‍ റദ്ദ് ചെയ്തത്. യൂനിയനുകളുടെ സെക്രട്ടറിമാരായ ജോര്‍ജ്ജ് തോമസ്, രാധാകൃഷ്ണന് നായര്‍ എന്നിവരും ഹരജി നല്‍കിയിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസിലെ കക്ഷികളായവര്‍ക്ക് മാത്രം ഉത്തരവ് നടപ്പാക്കും എന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി സ്വകാര്യ പ്രമേയ ചര്‍ച്ചയിലൂടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. അന്ന് തൊഴില്‍ മന്ത്രിയായിരുന്ന ബണ്ഡാരു ദത്താത്രയ സുപ്രീം കോടതി വിധി മാനിച്ച് എല്ലാ തൊഴിലാളികള്‍ക്കും ബാധകമാവുന്ന വിധം ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പിന് വിപരീതമായ നടപടിയാണ് ഇ.പി.എഫ് അധികൃതര്‍ സ്വീകരിച്ചത്. കോടതി വിധി നീതിയുടെ വിജയമാണെന്നും സ്വാഗതാര്‍ഹമാണെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."