മാലിന്യം കത്തിക്കുന്ന സംഭവം: നഗരസഭാ ആരോഗ്യ വിഭാഗത്തിന് ഇരട്ടത്താപ്പ് നയമെന്ന് ആക്ഷേപം
വടകര: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കത്തിക്കുന്നതുള്‍പ്പെടെയുള്ള വിഷയത്തില്‍ നടപടിയെടുക്കുന്നതില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന് ഇരട്ടത്താപ്പ് നയമെന്ന് ആക്ഷേപം.
സ്ഥാപനങ്ങളില്‍നിന്നു പഴകിയ ഭക്ഷണ പദാര്‍ഥങ്ങളടക്കം പിടിച്ചെടുക്കുന്നതും മാലിന്യം കത്തിക്കുന്നതിലും വലിയ പിഴ അടക്കം ചുമത്തുന്ന നഗരസഭ ആരോഗ്യ വിഭാഗത്തിന് മാലിന്യം കത്തിക്കുന്നത് വ്യക്തമായ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നതാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഒന്നാം തിയതി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മാലിന്യം കത്തിച്ച സംഭവം അന്നു തന്നെ ആരോഗ്യ വിഭാഗത്തിനും നഗരസഭാ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ പത്തു ദിവസം പിന്നിട്ടിട്ടും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഡിപ്പോ നിലനില്‍ക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ജലാല്‍ വിഷയം ഉന്നയിച്ചെങ്കിലും മാലിന്യ നിര്‍മാര്‍ജനത്തിന് വലിയ ഊന്നല്‍ നല്‍കുന്ന നഗരസഭാ ചെയര്‍മാന്‍ വിഷയത്തെ ലളിതമാക്കുകയും പ്രശ്‌നം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പരിശോധിക്കുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ പത്തു ദിവസം മുന്‍പ് നല്‍കിയ പരാതിയുടെ നടപടിയെ പറ്റി ചോദിച്ചപ്പോള്‍ ഡിപ്പോ അധികൃതര്‍ക്ക് നല്‍കിയ നോട്ടിസിന്റെ മറുപടി ഇതേവരെ തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചത്.
കഴിഞ്ഞദിവസം നഗരത്തിലെ കല്യാണ്‍ സില്‍ക്‌സ് പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തില്‍നിന്നു കക്കൂസ് മാലിന്യമുള്‍പ്പെടെ ഓടയിലേക്ക് ഒഴുക്കിവിട്ടത് പിടികൂടിയപ്പോള്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും പിന്നീട് വിവിധ ബേക്കറികളില്‍നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ ഉടമകളെ വിളിച്ചുവരുത്തി നടപടിയെടുത്തതും നഗരസഭ ആരോഗ്യ വിഭാഗമാണ്.
ഇത്തരത്തില്‍ നടപടികളുമായി മുന്നോട്ട് പോകുന്ന നഗരസഭ ആരോഗ്യ വിഭാഗം സര്‍ക്കാര്‍ സ്ഥാപനം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനെതിരേ നടപടിയെടുക്കാത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സീറോ വേസ്റ്റ് പദ്ധതിയോട് നഗരസഭയിലെ ചിലര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നെന്നാണ് ഭരണകൂടത്തിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."