അധികൃതരുടെ അനാസ്ഥ; താല്‍ക്കാലിക ആശ്വാസം പോലും ലഭിക്കാതെ നിരവധിപേര്‍
മുക്കം: പ്രളയത്തില്‍ വലിയ നാശമുണ്ടായ കൊടിയത്തൂര്‍ പഞ്ചായത്തില്‍ അധികൃതരുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക ആശ്വാസമായ പതിനായിരം രൂപ പോലും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍.
പ്രളയത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ അഞ്ഞൂറിലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ പ്രളയബാധിതരുടെ ലിസ്റ്റ് തയാറാക്കുന്നതില്‍ വന്ന അപാകത മൂലം പകുതിയിലധികം പേരും ലിസ്റ്റില്‍നിന്നു പുറത്തായി. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ലിസ്റ്റിലേക്ക് പേര് നല്‍കേണ്ട അവസാന തിയതിയും അവസാനിച്ചതോടെ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ മാത്രം 60ല്‍ പരം ആളുകള്‍ക്ക് ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
വില്ലേജ് ഓഫിസില്‍ നിന്ന് നല്കിയ ലിസ്റ്റില്‍ പലരുടെയും അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പണം നഷ്ടമാകാന്‍ കാരണമായത്. ഈ വിഷയത്തില്‍ പഞ്ചായത്ത് അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. അധികൃതരുടെ ഉദാസീനത മൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം ലഭിക്കാന്‍ സ്ത്രീകളും വൃദ്ധരും അടക്കമുള്ള പ്രളയബാധിതര്‍ നിരവധി തവണ പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും താലൂക്ക് ഓഫിസും കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."