വാഹനങ്ങളുടെ നിയമലംഘനം: സ്മാര്‍ട് കാമറകള്‍ സ്ഥാപിക്കും
ചെലവ് 300 കോടി
തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനം പിടികൂടുന്നതിന് ശക്തമായ നടപടിക്ക് പൊലിസും മോട്ടോര്‍ വാഹന വകുപ്പും പദ്ധതി തയാറാക്കുന്നു. ഇതിനായി 300 കോടി രൂപ ചെലവില്‍ ആധുനിക സ്മാര്‍ട് കാമറകള്‍ സ്ഥാപിക്കും.
കേരള പൊലിസിന്റെ ഏറ്റവും വലിയ നിരീക്ഷണ കാമറ നെറ്റ്‌വര്‍ക്കാണ് വരാന്‍ പോകുന്നത്. പത്തുവര്‍ഷത്തെ അറ്റകുറ്റപ്പണി സഹിതമാണ് കരാര്‍ ഉറപ്പിക്കുക. കുറ്റവാളികളെ തിരിച്ചറിയാനും ട്രാഫിക് നിയമലംഘനം കണ്ടെത്താനും അത്യാധുനിക സോഫ്റ്റ്‌വെയറും ഒരുക്കും. സംസ്ഥാനം മുഴുവന്‍ ഒറ്റ നിരീക്ഷണ സംവിധാനത്തിന് കീഴിലാക്കാന്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കും. അമിതവേഗം കണ്ടെത്താനുള്ള 60 എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളും ഇതിനൊപ്പം വാങ്ങും.
ആകെ 820 സ്മാര്‍ട്ട് കാമറകളാണ് പല കേന്ദ്രങ്ങളിലായി സ്ഥാപിക്കുക. ഏറ്റവുമധികം അപകടം നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി രേഖപ്പെടുത്തി 200 റഡാര്‍ കാമറകള്‍ സ്ഥാപിക്കും. നമ്പര്‍ പ്ലേറ്റ് കൃത്യമായി ചിത്രീകരിക്കാന്‍ കഴിയുന്ന കാമറകള്‍ അഞ്ഞൂറിടത്ത് സ്ഥാപിക്കും. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 120 സ്ഥലങ്ങളില്‍ വേറെയും കാമറകളുണ്ടാകും. കാമറ സ്ഥാപിക്കാന്‍ പ്രയാസമുള്ള ഹൈവേകളുടെ വശങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വാഹനം റഡാര്‍ കാമറയുമായി നിന്ന് വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും.
ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരം കുറ്റവാളികളുടെ മുഖം തിരിച്ചറിഞ്ഞ് പൊലിസിനെ അലര്‍ട്ട് ചെയ്യുന്ന സെന്‍സര്‍ സംവിധാനമുള്ള സോഫ്റ്റ്‌വെയറുകളും വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡാറ്റാബേസ് ഈ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതോടെ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."