പദ്ധതികള്‍ പേരിലൊതുങ്ങുന്നു; നഗരം കൈയ്യടക്കി തെരുവുനായ്ക്കള്‍
കോഴിക്കോട്: നഗരം വീണ്ടും തെരുവുനായ്ക്കള്‍ കൈയ്യടക്കുന്നു. റെയില്‍വേ സ്‌റ്റേഷന്‍, ബീച്ച് പരിസരം, മാനാഞ്ചിറ, പാളയം, പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇറച്ചി കടകളില്‍ നിന്നും മത്സ്യ കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പൊതു ഇടങ്ങളില്‍ യഥേഷ്ടം തള്ളുന്നതാണ് തെരുവ് നായ്ക്കള്‍ പെരുകാന്‍ കാരണം. രാപ്പകല്‍ വ്യത്യാസം ഇല്ലാതെ കൂട്ടം കൂട്ടമായി വിഹരിക്കുന്ന ഇവയുടെ അക്രമണം ഭയന്നാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത്. വയോധികരും കുട്ടികളും ഇരുചക്രയാത്രികരുമാണ് അധികവും അക്രമണത്തിന് ഇരകളാവുന്നത്. പലരും തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. നഗരസഭ തെരുവ് നായകളുടെ കണക്കെടുപ്പ് നടത്തിയതൊഴിച്ചാല്‍ ഇവയുടെ ശല്യം നിയന്ത്രിക്കാന്‍ മറ്റൊരു നടപടിയും കൈകൊണ്ടിട്ടില്ല. എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭ പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സും ചേര്‍ന്നാണ് തെരുവ് നായ സര്‍വേ നടത്തിയത്. തെരുവ് നായ നിര്‍മാര്‍ജ്ജന യജ്ഞം 'ജീവനം അതി ജീവനം' എന്ന പേരില്‍ മാര്‍ച്ച് 3 മുതല്‍ 9 വരെ ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്ന 75 വാര്‍ഡുകളില്‍ സര്‍വേ നടത്തിയത്. ഈ സര്‍വേ പ്രകാരം നഗര പരിധിയില്‍ അലഞ്ഞു തിരിയുന്നത് ഏകദേശം 13182ഓളം നായകളാണ്. ഉടമസ്ഥരുണ്ടായിട്ടും തെരുവില്‍ അലയുന്നത് 1.1 ശതമാനവുമാണ്. കൂടാതെ 3.4 ശതമാനം നല്ല ഇനത്തിലുള്ളവയും തെരുവില്‍ അലയുന്നു. 58.7 ശതമാനം നായകളുടെ ലിംഗനിര്‍ണയമാണ് നടത്തിയത്. ഇതില്‍ ആണ്‍പെണ്‍ അനുപാതം 1:18 ആണ്. 24.2 ശതമാനം പട്ടികള്‍ മുലയൂട്ടുന്നവയുമാണ്. മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ തെരുവു നായ്ക്കളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാം എന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മാലിന്യ നിയന്ത്രണത്തിനും സംസ്‌കരണത്തിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍വേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നഗരസഭ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തത് പദ്ധതിക്ക് തിരിച്ചടിയായി.
പുതുതായി നിര്‍മിക്കുന്ന വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുക, ഉടമകള്‍ ഉള്ള നായക്കള്‍ തെരുവില്‍ അലയുന്നത് നിയന്ത്രിക്കപ്പടണം, ഉടമകളുടെ എല്ലാ വിവരവും ഉള്‍പ്പടുന്ന ചിപ്പുകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക്
നിര്‍ബന്ധമാക്കണം, നായകളെ കൊല്ലുന്നത് ആരോഗ്യകരമായ നടപടിയല്ല, വന്ധ്യംകരണം പോലെയുള്ള നടപടികളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വേ റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. ഉടന്‍ നടപടി വേണമെന്ന ആവശ്യവും സര്‍വ്വേയിലൂടെ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വെറും കടലാസില്‍ ഒതുങ്ങി. കോര്‍പ്പറേഷനു തൊട്ടു മുന്നിലുള്ള ബീച്ചും പരിസരവും തെരുവ് നായകളുടെ സ്ഥിരം താവളമാണ്. ബീച്ചില്‍ വിവിധയിടങ്ങളില്‍ തള്ളുന്ന അറവു മാലിന്യങ്ങള്‍ ഭക്ഷിക്കാനായിട്ടാണ് ഇവ കൂട്ടമായെത്തുന്നത്. ബീച്ചില്‍ എത്തുന്നവര്‍ക്ക് വന്‍ഭീഷണിയാണ് ഈ നായ്ക്കള്‍ സൃഷ്ടിക്കുന്നത്. എന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാവാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."