വി.ആര്‍ പ്രേംകുമാര്‍ സര്‍വേ ഡയരക്ടര്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ സസ്പന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ വി.ആര്‍ പ്രേംകുമാറിനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയരക്ടറായി നിയമിച്ചു.
ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ മന്ത്രിസഭാ യോഗം നല്‍കിയ ചുമതലകളായ പ്രൊജക്ട് ഡയരക്ടര്‍ കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍, സെക്രട്ടറി-കേരളാ സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ ചുമതലകളും ഇദ്ദേഹത്തിന് നല്‍കി.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച രാജേഷ് കുമാര്‍ സിങ്ങിനെ നികുതി (എക്‌സൈസ് ഒഴികെ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെയും കേരളാ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും അധിക ചുമതലകള്‍ കൂടി ഇവര്‍ക്കുണ്ടാകും. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകിനെ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും വഹിക്കും. പരിശീലനത്തിനുശേഷം തിരികെ പ്രവേശിച്ച ടി.വി അനുപമയെ വനിതാ ശിശു വികസന വകുപ്പ് ഡയരക്ടറായി നിയമിക്കും.
സി.പി.എം.യു ഡയരക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും. ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ച പി.ഐ ശ്രീവിദ്യയെ പട്ടികജാതി വികസന വകുപ്പ് ഡയരക്ടറായും വനിതാ ശിശു വികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജിനെ സാമൂഹ്യനീതി വകുപ്പ് ഡയരക്ടറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് നടപ്പുസാമ്പത്തിക വര്‍ഷം 300 കോടി രൂപ വികസനയ വായ്പയില്‍ നിന്ന് അനുവദിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 488 കോടി രൂപ 2019-20 വര്‍ഷം അനുവദിക്കും. കുടുംബശ്രീ വഴിയുള്ള ജീവനോപാധികള്‍, ജൈവവൈവിധ്യം, ഖര-ദ്രവ മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ തുക വികസന വായ്പയില്‍ നിന്ന് അനുവദിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."