ആനക്കൊമ്പ് വേട്ട: രണ്ടുപേര്‍ പിടിയില്‍
താമരശേരി: ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. സ്ഥലമുടമ കൊടുവള്ളി കളരാന്തിരി ഉസൈന്‍കുട്ടി, തമിഴ്‌നാട് തിരുവണ്ണാമല ജില്ലയിലെ മുത്തുസ്വാമി (41) എന്നിവരെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. താമരശേരി റേഞ്ചിനു കീഴിലെ കോടഞ്ചേരി വനമേഖലയോട് ചേര്‍ന്ന എടത്തറ കണിയാട് കുണ്ടന്‍തോട് ഭാഗത്ത് രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണു കേസിനാസ്പദമായ സംഭവം.
ഉസൈന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്. ആളൊഴിഞ്ഞ ഈ സ്ഥലത്തുനിന്ന് പിന്നീട് വൈദ്യുതകമ്പികള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. അന്വേഷണത്തെ തുടര്‍ന്നാണ് കൊമ്പ് മുറിച്ചുമാറ്റിയതായി കണ്ടെത്തുന്നത്. ആന ചരിഞ്ഞ സംഭവം അധികൃതരെ അറിയിക്കാത്തതിനാണ് സ്ഥലമുടമയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ നാഗല്ലൂരില്‍നിന്ന് മുത്തുസ്വാമി പിടിയിലാകുന്നത്. എടത്തറ ഭാഗത്തു കൂലിപ്പണിക്കായി എത്തിയ ആളാണ് മുത്തുസ്വാമിയെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ആറു കിലോയോളം തൂക്കം വരുന്ന 84 ഉം, 87 ഉം സെന്റിമീറ്റര്‍ നീളവും വരുന്ന രണ്ട് ആനക്കൊമ്പുകളും ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അബ്ദുല്‍ ലത്തീഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ കെ.പി അബ്ദുല്‍ ഗഫൂര്‍, ബീറ്റ് ഓഫിസര്‍ പി. ബഷീര്‍, ഡ്രൈവര്‍മാരായ ജിതേഷ്, ശിവാനന്ദന്‍ എന്നിവരാണു പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."