ഇലക്ട്രിക് ഫിനാലെ
കാര്‍ഡിഫ്: ലോകം കാത്തിരുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങി. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളായ യുവന്റസും റയല്‍ മാഡ്രിഡും ഇന്ന് ഏറ്റുമുട്ടും. വെയ്ല്‍സിലെ കാര്‍ഡിഫ് സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുന്നത്. ചരിത്ര വിജയത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡ് 12ാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഒപ്പം യുവേഫ ചാംപ്യന്‍സ് ലീഗ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും വിജയിച്ചാല്‍ അവര്‍ക്ക് സ്വന്തമാക്കാം.
യുവന്റസാകട്ടെ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവര്‍ യൂറോപ്പിലെ എലൈറ്റ് കിരീടം അവസാനമായി ഷോക്കേസിലെത്തിച്ചത്. റയല്‍ 15ാം ഫൈനലിനാണ് കാര്‍ഡിഫില്‍ ഇറങ്ങുന്നതെങ്കില്‍ യുവന്റസ് ഒന്‍പതാം തവണയാണ് ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. 1998ലാണ് റയലും യുവന്റസും ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടിത്. അന്ന് 1-0ത്തിന് വിജയം സ്വന്തമാക്കി റയല്‍ കിരീടം നേടിയിരുന്നു. ആ വിജയത്തിന് പകരം ചോദിക്കാനുള്ള അവസരമാണ് ഓള്‍ഡ് ലേഡികള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ബാഴ്‌സലോണയുടെ അപ്രമാദിത്വത്തിന് തടയിട്ട് സ്പാനിഷ് ലാ ലിഗ കിരീടം സ്വന്തമാക്കിയാണ് റയല്‍ വരുന്നത്. മറുഭാഗത്ത് യുവന്റസ് ഇറ്റാലിയന്‍ സീരി എ കിരീടം ഇത്തവണയും മറു ചോദ്യത്തിന് പ്രസക്തിയില്ലാത്തവണ്ണം നിലനിര്‍ത്തിയാണ് കാര്‍ഡിഫില്‍ ഇറങ്ങുന്നത്. ഇറ്റലിയിലേയും സ്‌പെയിനിലേയും ചാംപ്യന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഫൈനലിന്റെ മറ്റൊരു സവിശേഷത. സെമിയില്‍ ചിരവൈരികളും നാട്ടുകാരുമായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് റയല്‍ ഫൈനലുറപ്പിച്ചതെങ്കില്‍ യുവന്റസ് കരുത്തരായ ബാഴ്‌സലോണയുടെ വെല്ലുവിളി അനായാസം അതിജീവിച്ചാണ് പോരിനിറങ്ങുന്നത്.
മുന്‍ താരവും ക്ലബിന്റെ ഇതിഹാസവുമായ സിനദിന്‍ സിദാന്‍ പരിശീലകനെന്ന റയലില്‍ മറ്റൊരു അധ്യായം രചിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ സിദാന്‍ ഇത്തവണയും നേട്ടമാവര്‍ത്തിച്ചാല്‍ ക്ലബിനൊപ്പം കിരീടം നിലനിര്‍ത്തുന്ന ചരിത്രത്തിലെ ആദ്യ പരിശീലകനായി മാറും. കളിക്കാരനെന്ന നിലയില്‍ ഇതിഹാസമായി വളര്‍ന്ന സിദാന് കോച്ചെന്ന നിലയിലും ഇതിഹാസ സമാന പദവി സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.
മറ്റൊന്ന് റയലിലെത്തും മുന്‍പ് സിദാന്‍ യുവന്റസിനായി അഞ്ച് വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. മുന്‍ ടീമിനെതിരേ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ടീമിനെ ഇറക്കാനുള്ള അവസരമാണ് ഫ്രഞ്ച് പരിശീലകന് ലഭിക്കുന്നത്. 2015ല്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചതിന്റെ കരുത്തുമായാണ് യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രിയെത്തുന്നത്. 2015ല്‍ ബാഴ്‌സലോണയ്ക്ക് മുന്നില്‍ കൈവിടേണ്ടി വന്ന കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള അവസരമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.
ഇരു പക്ഷവും സുസജ്ജമായാണ് അഭിമാനപ്പോരിനിറങ്ങുന്നത്. ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ കളിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും ഗെരത് ബെയ്‌ലുമാണ് റയലിന്റെ മുന്നേറ്റത്തിലെ ശക്തികള്‍. ഒപ്പം ഇസ്‌ക്കോയെന്ന യുവ താരത്തിന്റെ മികവ് സിദാന് ഉപയോഗിക്കാമെന്നത് പ്ലസ് പോയിന്റായി. കളിയില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇസ്‌ക്കോ. പോളോ ഡിബാല, ഗോണ്‍സാലോ ഹിഗ്വയ്ന്‍, മരിയോ മാന്‍ഡ്‌സുകിച് എന്നിവരാണ് യുവന്റസിന്റെ മുന്നേറ്റത്തില്‍. യുവന്റസ് നിരയില്‍ ഡാനി ആല്‍വെസിന്റെ സാന്നിധ്യവും റയലില്‍ മാഴ്‌സലോയുടെ സാന്നിധ്യവും കളിയില്‍ നിര്‍ണായകമാവും. പ്രതിരോധം റയലിനെ അപേക്ഷിച്ച് കരുത്തുറ്റത് യുവന്റസിനാണെന്നത് അവര്‍ക്ക് അധിക നേട്ടം സമ്മാനിക്കുന്നുണ്ട്.
ബൊനൂചി, ബെര്‍സാഗ്ലി, ചെല്ലിനി ത്രയത്തെ മറികടന്ന് പന്ത് വലയിലാക്കാന്‍ റയല്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. യുവന്റസ് നായകനും ഇതിഹാസ ഗോള്‍ കീപ്പറുമായ ജിയാന്‍ലൂയി ബുഫണിന് യൂറോപ്പിലെ എലൈറ്റ് കിരീടം കൈയിലേറ്റ് വാങ്ങാനുള്ള അവസാന അവസരമാണിത്. കരിയറിന്റെ സായഹ്നത്തിലാണെങ്കിലും ഇപ്പോഴും അപാരമായ ഫിറ്റ്‌നസും റിഫ്‌ളക്ഷനും കൊണ്ട് മിന്നിത്തിളങ്ങുന്നതാണ് നായകന്റെ സവിശേഷത. ഈ സീസണില്‍ 21 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ വല കാത്തതിന്റെ ആത്മവിശ്വാസവും വെറ്ററന്‍ താരത്തിന് കൂട്ടുണ്ട്. ഇരു പക്ഷവും സന്തുലിതാവസ്ഥയിലുള്ള ടീമുമായാണ് കലാശപ്പോരിനിറങ്ങുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ക്ലാസ്സിക്ക് പോരാട്ടം കാണാനുള്ള അവസരമാണ് കൈവനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."