വൃദ്ധപരിചരണത്തിന് വെളിച്ചമേകാന്‍ പകല്‍ വീട് ഒരുങ്ങുന്നു
കുന്ദമംഗലം: വൃദ്ധ പരിചരണത്തിന് നാടിന് മാതൃകയായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പകല്‍ വീട് നിര്‍മിക്കുന്നു. എട്ടാം വാര്‍ഡില്‍ നിര്‍മിക്കുന്ന പകല്‍ വീട് വൃദ്ധ ജനങ്ങളുടെ പരിപാലനവും ക്ഷേമവും ലക്ഷ്യമിടുന്ന സ്നേഹ കൂടാരമാവും. ഫിസിയോ തെറാപ്പി സെന്റര്‍, വിശ്രമ മുറികള്‍, പരിശോധന മുറികള്‍, കിടപ്പു മുറികള്‍, ഡോര്‍മെറ്ററി, നേഴ്സിങ്ങ് യൂനിറ്റ്, വ്യായാമ മുറകള്‍ ചെയ്യാനുള്ള സൗകര്യം, വിനോദ കേന്ദ്രങ്ങള്‍, പൂന്തോട്ടം, ഒന്നിച്ചിരിക്കാനുള്ള ഹാള്‍ തുടങ്ങിയ മെച്ചപ്പെട്ട ആധുനിക സംവിധാനങ്ങളോടു കൂടിയാണ് പകല്‍ വീട് അണിയിച്ചൊരുക്കുന്നത്. നിര്‍മാണ വൈദഗ്ധ്യവും സൗന്ദര്യ മികവും ഒത്തു ചേര്‍ന്ന് നിര്‍മിക്കുന്ന പകല്‍ വീട് കുന്ദമംഗലം പഞ്ചായത്തിന്റെ വികസന വഴികളില്‍ മറ്റൊരു പൊന്‍ തൂവലാകും.
2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഇരുപത് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് പകല്‍ വീടിന് കെട്ടിടം ഒരുക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി കോയ, ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയര്‍ പേഴ്സണ്‍ ത്രിപുരി പൂളോറ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയര്‍ പേഴ്സണ്‍ ടി.കെ സൗദ, ക്ഷേമ കാര്യ ചെയര്മാന് ടി.കെ ഹിതേഷ് കുമാര്‍, പഞ്ചായത്തംഗം എം. ബാബുമോന്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു നെല്ലൂളി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഒളോങ്ങല്‍ ഉസ്സൈന്‍, പ്രസ്സ് ഫോറം സെക്രട്ടറി എ. ഹരിദാസന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."