ബഹ്‌റൈനില്‍ പ്രവാസികളുടെ പരാതി പരിഹാരത്തിനായി പുതിയ കേന്ദ്രം വരുന്നു
മനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരാതികളില്‍ നടപടിയെടുക്കാനുമായി പുതിയ കേന്ദ്രം വരുന്നു. 'നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സി'ന്റെ (എന്‍.ഐ.എച്ച്.ആര്‍) നേതൃത്വത്തില്‍ സഹ് ലയിലെ എക്‌സ്പാറ്റ് പ്രൊട്ടക്ഷന്‍ ആന്റ് അസിസ്റ്റന്‍സ് സെന്ററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) യാണ് ഇതിനായി തയാറെടുപ്പുകള്‍ നടത്തുന്നത്.
പുതിയ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നിലവില്‍ ഷെല്‍ട്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ കേസുകളിലും ഉടനടി നടപടികളുണ്ടാകും. മോശം പെരുമാറ്റം, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ പരാതികളാണ് നിലവില്‍ ഷെല്‍ട്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. പുതിയ ഓഫിസ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും എന്‍.ഐ.എച്ച്.ആറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രവാസികള്‍ക്കും വിവിധ എംബസികള്‍ക്കും വിശദമായ വിവരങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിലെ ഇരകള്‍ക്ക് സഹായം നല്‍കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പുതിയ കേന്ദ്രം സഹായകമാകുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി പറഞ്ഞു.
ഇരകളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, വിവിധ രാജ്യങ്ങളുടെ എംബസികള്‍, വിവിധ ആരാധനാലയങ്ങള്‍, വിദേശികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രവാസികള്‍ക്ക് പരാതികള്‍ www.nihr.org.bh എന്ന വെബ്‌സൈറ്റിലെ ഫോം വഴിയോ, എന്‍.ഐ.എച്ച്.ആറിന്റെ മൊബൈല്‍ ആപ് വഴിയോ, 17111666 എന്ന നമ്പറില്‍ വിളിച്ചോ അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."