വിലക്കുറവും രോഗബാധയും തിരിച്ചടി; റബറിലും കര്‍ഷകര്‍ക്ക് രക്ഷയില്ല
നടവയല്‍: റബര്‍ കര്‍ഷകര്‍ക്ക് മരണമണി മുഴക്കി റബര്‍ വില താഴോട്ട്. രോഗബാധയും വിലസ്ഥിരതയില്ലാത്തതും റബര്‍ കൃഷിയുടെ അന്തകനാവുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്.
റബര്‍ ബോര്‍ഡോ സര്‍ക്കാരോ കര്‍ഷകരെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. ഒരു കാലത്ത് കറുത്ത പൊന്നിന്റെ നാടായ വയനാട്ടില്‍ കുരുമുളക് കൃഷി നശിക്കാന്‍ തുടങ്ങിയതോടെയാണ് തോട്ടം വെട്ടിമാറ്റി കര്‍ഷകര്‍ റബര്‍ കൃഷിയിലേക്ക് ചുവട് മാറിയത്. റെക്കോര്‍ഡ് വിലയും ഉല്‍പ്പാദന വര്‍ധനവും മൂലം കുടുതല്‍ കര്‍ഷകര്‍ കൃഷിയിലേക്ക് വരികയും ചെയ്തു.
പുല്‍പ്പള്ളി, നടവയല്‍, പൂതാടി, പയ്യമ്പള്ളി, നീര്‍വാരം തുടങ്ങിയ സ്ഥലങ്ങളില്‍ റബര്‍ നന്നായി വിളയുകയും ചെയ്തു.
വന്‍ വില കൊടുത്ത് ബഡ് തൈകളുടെ ഒഴുക്കായിരുന്നു മറ്റ് ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക്.
വന്‍ തുക മുതല്‍ മുടക്കിയ കൃഷിയില്‍ ടാപ്പിംഗ് തുടങ്ങിയതോടെ റബര്‍ വില താഴാന്‍ തുടങ്ങി. കൂടാതെ രോഗബാധയും ഉല്‍പ്പാദന നഷ്ട്ടവും കൂടിയായതോടെ കര്‍ഷകര്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി.
ഇത്തവണ മഴ ശക്തമായതും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയതും ഫംഗസ് ബാധയ്ക്ക് കാരണമായി. ഇതോടെ ഇലകള്‍ കൊഴിഞ്ഞു മരങ്ങള്‍ ഉണങ്ങാനും തുടങ്ങി.ഏക്കര്‍ കണക്കിന് തോട്ടങ്ങള്‍ ഇത്തരത്തില്‍ നശിച്ചു.
മഴ മാറിയെങ്കിലും നഷ്ട്ടം കാരണം തോട്ടങ്ങളില്‍ ടാപ്പിങ് തുടങ്ങാത്ത കര്‍ഷകരുമുണ്ട്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും തികയാത്ത സാഹചര്യത്തിലാണ് കൃഷിക്കാര്‍ ടാപ്പിങ് ഉപേക്ഷിച്ചത്.
റബര്‍ ഇറക്കുമതി കുറച്ച് ആഭ്യന്തര വിപണിയില്‍ നിന്നും വന്‍കിട റബര്‍ കമ്പനികള്‍ റബര്‍ സംഭരിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ കൃഷിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന് റബര്‍ വ്യാപാരിയായ ബാബു കൈതമറ്റം പറയുന്നു.
എന്നാല്‍ കര്‍ഷകരെ രക്ഷിക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നത് വേദനാജനകമാണന്ന് കര്‍ഷകനായ നടവയല്‍ ചീങ്ങോട് കാക്കനാട്ട് തോമസ് പറഞ്ഞു. പ്രതീക്ഷയോടെ കൃഷിയിറക്കി വര്‍ഷങ്ങള്‍ കാത്തിരുന്ന് ടാപ്പിങ് ആരംഭിച്ചതോടെ കൃഷിയില്‍ നിന്നും നഷ്ടം മാത്രം ബാക്കിയാകുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."