എസ്.എഫ്.ഐ നേതാക്കള്‍ ഉള്ളി തിന്നുമ്പോള്‍
'അധികാരശക്തി എന്തുതന്നെയായാലും അതിനു വഴങ്ങുന്നതും നിയന്ത്രണങ്ങള്‍ക്കു ദാഹിക്കുന്നതും സ്വയം ചിന്തിക്കുക എന്നത് അതി ക്ഷീണകരമായ ഒരു ശ്രമമായി കരുതുന്നതുമായ ആളുകളാണ് നമ്മില്‍ ഭൂരിപക്ഷവും'.
- എം.എന്‍ റോയി
കേരളപ്പിറവിക്കൊപ്പം നിലവില്‍വന്ന് ആറ് പതിറ്റാണ്ടിലേറെയായി വിശ്വാസത്തിന്റെ ദീപസ്തംഭംപോലെ നിലകൊള്ളുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍. പൊലിസില്‍ സിവില്‍ ഓഫിസര്‍മാരായി നിയമിക്കാന്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഏഴ് പൊലിസ് ബറ്റാലിയനുകളിലെയും റാങ്ക് പട്ടിക പി.എസ്.സിക്ക് മരവിപ്പിക്കേണ്ടിവന്നു. വഞ്ചനയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണത്തിന് ഈ പരീക്ഷാനടത്തിപ്പ് വിധേയമാക്കാന്‍ പി.എസ്.സി തീരുമാനിച്ചു. ഇതോടെ ആറുലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷ മാത്രമല്ല കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ വിശ്വാസ്യതതന്നെ പുകമറയിലായി.
ഇതിലേക്കു നയിച്ചത് കാസര്‍കോട് ജില്ലാ പൊലിസ് ബറ്റാലിയനിലേക്ക് നടന്ന എഴുത്തുപരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഒന്ന്, രണ്ട്, ഇരുപത്തെട്ട് എന്നീ റാങ്കുകള്‍ നേടിയ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, പ്രണബ്, നസിം എന്നിവരെ റാങ്ക് പട്ടികയില്‍നിന്നു പുറത്താക്കാനും യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷനടക്കം നടത്തുന്ന ഉദ്യോഗാര്‍ഥി പരീക്ഷകളില്‍നിന്ന് തടയാനും കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്‍ തീരുമാനിച്ചതോടെയാണ്. ഇതോടെ സംസ്ഥാന പി.എസ്.സിയുടെ മാത്രമല്ല മൂന്നു വര്‍ഷത്തിലേറെയായി സംസ്ഥാനം ഭരിക്കുന്ന ഇടത് ഗവണ്‍മെന്റിന്റെയും വിശ്വാസ്യതയില്‍ ഈ സംഭവം കളങ്കം ചേര്‍ത്തുകഴിഞ്ഞു. സംസ്ഥാന പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് രൂക്ഷമായി വിമര്‍ശിച്ച് പി.എസ്.സിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയേയും ഇതു ബാധിച്ചു.
സി.പി.എമ്മിന്റെ ബഹുജന സംഘടനയായ എസ്.എഫ്.ഐയുടെ നേതാക്കളാണ് പിടിക്കപ്പെട്ടത്. പി.എസ്.സി സംവിധാനത്തെതന്നെ ഉപയോഗപ്പെടുത്തി സംസ്ഥാന വ്യാപകമായി നടന്ന ആസൂത്രിത പദ്ധതിയല്ലേയെന്ന് പരിശോധിക്കേണ്ടിവരും. ഒരു വന്‍ തട്ടിപ്പുസംഘം ഈ റാങ്ക് ജേതാക്കളെ സൃഷ്ടിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. സംഘടനാപരവും രാഷ്ട്രീയവുമായ പിന്‍ബലത്തിലല്ലാതെ ഈ വഞ്ചനയും തട്ടിപ്പും അഴിമതിയും നടത്താനാവില്ല. എസ്.എഫ്.ഐ നേതാക്കളെ കേന്ദ്രീകരിച്ചു പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണം ഇനി പൊലിസ് ഏറ്റെടുക്കുകയാണ്. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പൊലിസിനു വിപുലമാക്കേണ്ടിവരും.
യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രസിഡന്റടക്കമുള്ള ഭാരവാഹികളായിരിക്കെ ഇവര്‍ കാസര്‍കോട് ബറ്റാലിയനിലേക്ക് തൊഴില്‍ അപേക്ഷ സമര്‍പ്പിക്കുകയും തിരുവനന്തപുരം ജില്ലയില്‍ പരീക്ഷയെഴുതാന്‍ അനുമതി നേടിയെടുക്കുകയും ചെയ്തു. മൂന്നുപേര്‍ക്കും ഒരേ കോഡുള്ള ചോദ്യപേപ്പര്‍ ലഭ്യമായി. അതിനെഴുതേണ്ട ഉത്തരങ്ങള്‍ ഒരുപോലെ മൂന്നുപേര്‍ക്കും ഫോണില്‍ പരീക്ഷാഹാളിലേക്ക് തുരുതുരാ എത്തി. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന റാങ്ക് തട്ടിപ്പ് ആരോപണം അന്വേഷിച്ച പി.എസ്.സി വിജിലന്‍സിന്റെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തട്ടിപ്പുകാരെ പൂര്‍ണമായി കുറ്റവിമുക്തരാക്കുന്നതായിരുന്നു. സൈബര്‍സെല്‍ കൈമാറിയ ഫോണ്‍ വിവരങ്ങള്‍ കണ്ടാണ് അതുവരെ സ്വയം ന്യായീകരിച്ചുപോന്ന പി.എസ്.സി തിരുത്തല്‍ നടപടികളിലേക്കും വിപുലമായ അന്വേഷണത്തിലേക്കും ഇപ്പോള്‍ നീങ്ങാന്‍ നിര്‍ബന്ധിതരായത്.
എസ്.എഫ്.ഐ മാത്രമല്ല പി.എസ്.സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ തന്നെയും വിശ്വാസ്യതയുടെ പ്രശ്‌നമായിക്കഴിഞ്ഞ ഈ സംഭവത്തിന് നിമിത്തമായത് ഇപ്പോള്‍ സംഘടനയില്‍നിന്ന് പുറത്താക്കപ്പെട്ട നേതാക്കള്‍ സംഘം ചേര്‍ന്ന് മറ്റൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ നടത്തിയ, കേരളമാകെ അപലപിച്ച നിഷ്ഠൂര സംഭവമായിരുന്നു എന്നത് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. നേതൃത്വത്തിന്റെ തെറ്റായ പോക്കിനെ സധൈര്യം ചോദ്യംചെയ്ത സഖാവിന്റെ നെഞ്ചില്‍ കഠാര ഇറക്കിയ സംഭവം കോളജിലെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെയാകെ പ്രതിഷേധക്കൊടുങ്കാറ്റായി തെരുവിലിറക്കി. അതായിരുന്നു ഈ രാഷ്ട്രീയ വിവാദ മഞ്ഞുമലയുടെ ആദ്യ തുമ്പ്.
അണികളെ കങ്കാണികളെപ്പോലെ നയിക്കുന്ന എസ്.എഫ്.ഐ നേതൃത്വത്തിന്റെ കിരാതപര്‍വങ്ങള്‍ ഇടിമുറിയായും ആയുധശേഖരങ്ങളായും സര്‍വകലാശാല പരീക്ഷാ പേപ്പറുകളുടെ സൂക്ഷിപ്പു കേന്ദ്രമായും തെളിവുകളായി വികസിക്കുന്നതാണ് തുടര്‍ന്നുകണ്ടത്. നേതൃത്വത്തിന്റെ പീഡനം സഹിക്കാതെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചതടക്കമുള്ള സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി പൊതുസമൂഹം ചര്‍ച്ച ചെയ്തു. ഇത് കലാലയ വിപ്ലവ പ്രസ്ഥാനമായി വേറിട്ടു പ്രവര്‍ത്തിക്കുന്ന എസ്.എഫ്.ഐയേയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനെതന്നെയും തകര്‍ക്കാനാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മുതല്‍ സി.പി.എം നേതാക്കള്‍വരെ അപലപിച്ചു. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ വ്യാജവാര്‍ത്ത നിര്‍മാണമായി സി.പി.എം മുഖപത്രം വാര്‍ത്ത ചമച്ചു.
അതിന്റെയൊക്കെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തുറന്നു കാണിക്കുന്നതായി അനാരോഗ്യത്തിന്റെ അസ്വസ്ഥതകള്‍ക്കിടയിലും സുഗതകുമാരി ടീച്ചര്‍ നടത്തിയ ഇടപെടല്‍: 'കത്തി നെഞ്ചില്‍ തറച്ചപോലെ ഹൃദയഭേദകമായ വേദനയോടെ ഞാന്‍ ആലോചിക്കുന്നു. ഇതോ ഞങ്ങളുടെ കുട്ടികള്‍! യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പഠിച്ചിറങ്ങുന്ന പുതിയ തലമുറ. ആരിവരെ ആയുധാഭ്യാസം ചെയ്യിക്കുന്നു? ആരിവരെ കൊല്ലിനും കൊലയ്ക്കും സജ്ജരാക്കുന്നു? പരീക്ഷപേപ്പര്‍ മോഷ്ടിക്കാനും സീല്‍ തയാറാക്കാനും ഇവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടാകുന്നു?' കേരളത്തിന്റെ അമ്മ ഉറക്കെ ചോദിച്ചു.ഇത് ഒറ്റപ്പെട്ട സംഭവമായി സംസ്ഥാനം ഭരിക്കുന്നവര്‍ക്കും ഭരണകക്ഷികള്‍ക്കും കൈകഴുകാന്‍ ശ്രമിക്കാം. നവകേരള സൃഷ്ടിക്ക് തുനിഞ്ഞിറങ്ങിയിട്ടുള്ള ഈ ഗവണ്‍മെന്റിന്റെ ഭരണത്തിനു കീഴില്‍ വടക്ക് കാസര്‍കോടുമുതല്‍ കൊലപാതക പരമ്പരകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് ഇവിടെ നടന്നത്. അതിന്റെ പൂര്‍ത്തീകരണമായിരുന്നു യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ നിര്‍വഹിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടത്തിയ പെരിയ ഇരട്ട കൊലപാതകം തൊട്ട് തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ നടത്താന്‍ ശ്രമിച്ച സി.ഒ.ടി നസീര്‍ വധശ്രമവും യൂനിവേഴ്‌സിറ്റി കോളജിലെ അഖില്‍ വധശ്രമവും വരെയുള്ള സംഭവങ്ങള്‍ക്ക് പൊതുവായ തുടര്‍ശൈലിയുണ്ട്. ഭരണാധികാരത്തിന്റെ തണലില്‍ എതിര്‍ ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ പ്രതിയോഗികളെയും സഹപ്രവര്‍ത്തകരെപോലും നിശബ്ദരാക്കുക ഏകാധിപത്യപരമായ സംഘടനാപ്രവര്‍ത്തനം ഉറപ്പിച്ചെടുക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഭരണമേധാവിത്വംവഴി സര്‍ക്കാര്‍ ഓഫിസുകളിലും കോളജുകളിലും വര്‍ഗ - ബഹുജന സംഘടനകളിലും എന്തിന് ഇടതുപക്ഷ - ജനാധിപത്യ മുന്നണിയില്‍പോലും ഭയപ്പെടുത്തലിന്റെയും കീഴ്‌പ്പെടുത്തലിന്റെയും ഈ രാഷ്ട്രീയ മേധാവിത്വം തുടരുന്നു. അതിന്റെ ജീര്‍ണതയാണ് ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നു എന്ന് പറഞ്ഞതുപോലെ സി.പി.എമ്മുമായി ബന്ധപ്പെട്ട വര്‍ഗ- ബഹുജന സംഘടനകളിലാകെ സംഭവിക്കുന്നതും ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതും.
ചെഗുവേര മുതല്‍ അഭിമന്യുവരെയുള്ള രക്ത നക്ഷത്രങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുടെ കൊടിക്കൂറയുയര്‍ത്തി വളര്‍ന്ന എസ്.എഫ്.ഐ എന്ന സംഘടനപോലും ഈ രാഷ്ട്രീയ ജീര്‍ണതയില്‍ ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അവരടക്കം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് യൂനിവേഴ്‌സിറ്റി കോളജ് വധശ്രമവും പബ്ലിക് സര്‍വിസ് കമ്മിഷന്‍ പരീക്ഷാ തട്ടിപ്പും വിരല്‍ചൂണ്ടുന്നു.
എസ്.എഫ്.ഐയുടെ ഈ ദയനീയപതനം ഓര്‍മിപ്പിക്കുന്നതാണ് പ്രസിദ്ധ സംഗീത സംവിധായകന്‍ സലീല്‍ ചൗധരി മലയാളത്തിന്റെ പ്രിയകവി വയലാര്‍ രവിവര്‍മയോട് പറഞ്ഞ ഈ കഥ: ബംഗാളിലെ ഒരു ഗ്രാമത്തില്‍ പ്രതിശ്രുത വരന്റെ വിവരങ്ങളന്വേഷിക്കാന്‍ വധുവിന്റെ ആളുകള്‍ രഹസ്യമായെത്തി. പയ്യന്‍ യോഗ്യന്‍ എന്ന് പ്രതികരിച്ച ഗ്രാമവാസി ചെറിയൊരു ദോഷം ഉണ്ടെന്നു പറയാതിരുന്നില്ല: യുവാവിന് ഉള്ളിതിന്നുന്ന സ്വഭാവമുണ്ട്. എപ്പോഴുമില്ല, മദ്യപിക്കുമ്പോള്‍ മാത്രം. സ്തബ്ധരായ അതിഥികളെ അയാള്‍ വീണ്ടും സമാധാനിപ്പിച്ചു: എപ്പോഴും മദ്യം കഴിക്കാറുമില്ല, വല്ലപ്പോഴും ജയിലില്‍നിന്നു പുറത്തുവരുമ്പോള്‍ മാത്രം....
മദിരാശിയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണ'ത്തിലെ തന്റെ പംക്തിയില്‍ വയലാര്‍ ഉദ്ധരിച്ച ഈ കഥയുടെ പൂര്‍ണ രൂപം എസ്.എഫ്.ഐക്കാരെങ്കിലും തേടിപ്പിടിച്ചു വായിക്കണം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെയും പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടപടിയുടെയും രാഷ്ട്രീയമാനം മനസിലാക്കാന്‍ അതവരെ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."