ലോ അക്കാദമി ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിവാദമാകുന്നു.
അക്കാദമിയുടെ കനക ജൂബിലിയോടനുബന്ധിച്ചുള്ള ഓഡിറ്റോറിയമാണ് നിര്‍മിക്കുന്നതെന്ന് ഡയരക്ടര്‍ എന്‍. നാരായണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണം നിര്‍മാണത്തെ ബാധിക്കില്ല. ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. അക്കാദമി ഭൂമി കൈയേറിയിട്ടില്ല. കൈയേറിയെന്ന് സര്‍ക്കാര്‍ പറയുന്നുമില്ല. അക്കാദമിയുടെ വസ്തു സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനുപിന്നില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. 1984ല്‍ കരുണാകരന്‍ സര്‍ക്കാരാണ് ഭൂമി പതിച്ചുനല്‍കിയത്. അന്ന് ഭൂമിയുടെ മാര്‍ക്കറ്റ് വില നല്‍കിയിട്ടുണ്ട്.
റവന്യൂ ബോര്‍ഡ് മെംബറുടെ ശുപാര്‍ശയില്‍ 1984 ഓഗസ്റ്റ് അഞ്ചിന് ഭൂമി പതിച്ചുനല്‍കിയ ഉത്തരവിറക്കുകയും അന്നുമുതല്‍ കരമടയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഭൂമിയില്‍ എന്തും ചെയ്യാം. പുതുതായി നിര്‍മിക്കുന്ന ഓഡിറ്റോറിയം പുറംവാടകയ്ക്ക് നല്‍കുമെന്നും നാരായണന്‍ നായര്‍ പറഞ്ഞു. അതിനിടെ, കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ലോ അക്കാദമിക്ക് നല്‍കുന്ന ഭൂമിക്ക് വിപണി വില ഈടാക്കണമെന്ന് ധനവകുപ്പ് നിര്‍ദേശമുണ്ടായിരുന്നെങ്കിലും 11.25 ഏക്കര്‍ ഭൂമി തുച്ഛവിലയ്ക്കാണ് നല്‍കിയതെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് കണ്ടെത്തിയ രേഖകളില്‍ പറയുന്നു. അന്നത്തെ ചെട്ടിവിളാകം വില്ലേജില്‍പ്പെട്ട (ഇന്ന് കുടപ്പനക്കുന്ന് ) ഭൂമിക്ക് 1984ല്‍ സെന്റിന് 2,500 രൂപയായിരുന്നു വില. ഇതനുസരിച്ച് അന്ന് 28,12,500 രൂപ ഈടാക്കണമായിരുന്നു. റവന്യൂ ബോര്‍ഡ് അംഗം സ്ഥലം പരിശോധിച്ച് അനുമതിപത്രം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഭൂമി നല്‍കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗത്തില്‍ വന്നപ്പോള്‍ വിപണിവില ഈടാക്കണമെന്ന വ്യവസ്ഥ ഫയലില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിനാല്‍ 1968ലെ വിപണി വിലയായ 250 രൂപ സെന്റിന് ഈടാക്കിയാല്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ആകെ 2,81,250 രൂപയാണ് ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."