സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണം: എം.ഐ ഷാനവാസ് എം.പിയുടെ പരാതിയില്‍ പൊലിസ് മൊഴിയെടുത്തു
കല്‍പ്പറ്റ: വ്യാജ പ്രചരണം നടത്തിയതിനെതിരേ പരാതി നല്‍കിയ എം.ഐ ഷാനവാസ് എം.പിയില്‍ നിന്നും പൊലിസ് മൊഴിയെടുത്തു. എസ്.പിയുടെ നിര്‍ദേശപ്രകാരം കല്‍പ്പറ്റ എസ്.ഐ മുഹമ്മദ്, എ.എസ്.ഐ ഹാരിസ് എന്നിവരാണ് എം.പിയില്‍ നിന്നും മൊഴിയെടുത്തത്.
കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരേയാണ് എം.പി മൊഴി നല്‍കിയിട്ടുള്ളത്. വിശദമായ പരാതിയായിരുന്നു എം.പി ഇക്കാര്യത്തില്‍ പൊലിസിന് നല്‍കിയത്. 'കാണാനില്ല വയനാട് എം.പി' എന്ന പേരില്‍ പൊക്കൂട്ടി സഖാവ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസിലെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ജഗദീഷ് കെ.വി എന്നയാളാണെന്ന് എം.പി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇത് ഷിറാസ്, നിസാര്‍ എന്നിവര്‍ അഡ്മിനായ 'ബത്തേരിയുടെ വികസനം' എന്ന വാട്ട്‌സപ്പ് ഗ്രൂപ്പിലും ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ടി.എല്‍ സാബു മെസേജ് ഫോര്‍വേഡ് ചെയ്തതായി എം.പി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പരാതിയില്‍ ഒരു പൊലിസുകാരനെതിരേയും എം.പി പരാമര്‍ശം നടത്തിയിരുന്നു. പൊലിസിന്റെ ഒഫീഷ്യല്‍ ഗ്രൂപ്പില്‍ അമ്പലവയല്‍ സ്വദേശിയായ ജോര്‍ജ്ജ് എന്ന പൊലിസ് ഡ്രൈവറാണ് പോസ്റ്റ് ചെയ്തത്. പ്രസ്തുത മെസേജ് എറ്റവുമധികം ഫെയ്‌സ്ബുക്കില്‍ ദുരുപയോഗം ചെയ്തതും, ഫോര്‍വേഡ് ചെയ്തതും കോഴിക്കോട് പുതുപ്പാടിക്കാരനായ ഹേമന്ത് ഹേമസ് എന്ന ഫേസ്ബുക്ക് പേരുള്ള വ്യക്തിയും വയനാട്ടുകാരായ റിയാസ് മാണ്ടാട്, ജയിന്‍ ആന്റണി, കബീര്‍ വയനാട് തുടങ്ങിയവരും സ്മിത ജയമോഹന്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലുമാണെന്ന് എം.പി പരാതിയില്‍ പറയുന്നു.
പ്രളയകാലത്താണ് എം.പിക്കെതിരേ വ്യാപകമായി ഇത്തരം പ്രചരണങ്ങള്‍ നടന്നത്. തുടര്‍ന്നാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചരണത്തിനെതിരേ എം.പി ഡി.ജി.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്.
കനത്തമഴയും ഉരുള്‍പൊട്ടലും മൂലം ദുരിതത്തിലായ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് എം.പിയായ തന്നെ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്ന രീതിയിലാണ് ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
48 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ളതാണ് ഈ വീഡിയോ. വയനാട് ചുരം ഇടിഞ്ഞതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച അവലോകനയോഗത്തിലേക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണമാണ് പ്രളയകാലത്ത് ക്ഷണിക്കാത്തത് കൊണ്ട് വന്നില്ലെന്ന പേരില്‍ പ്രചരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."