കേരളവര്‍മ്മയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കായിക താരങ്ങളും തമ്മില്‍ സംഘര്‍ഷം
തൃശൂര്‍: കേരളവര്‍മ്മ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കായികതാരങ്ങളും തമ്മില്‍ സംഘര്‍ഷം. 13 വിദ്യാര്‍ഥികള്‍ക്കും പിടിച്ചുമാറ്റാന്‍ ശ്രമിച്ച കെമിസ്ട്രി വിഭാഗം മേധാവി ഡോ. ടി.ഡി ശോഭക്കും ഇഷ്ടികകൊണ്ടുള്ള ഏറില്‍ പരുക്കേറ്റു. അധ്യാപികയെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഒരാളൊഴിച്ച് ബാക്കിയുള്ളവരെ പരുക്കുകളില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. കായികതാരങ്ങളായ അമല്‍രാജു, അമല്‍ജിത്ത്, ജിക്കോ, അഭിജിത്ത്, അമീര്‍, ജിതിന്‍കുമാര്‍, നിശാല്‍ എന്നിവര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചായിരുന്നു സംഘര്‍ഷം. കോളജിലെ പൊളിടിക്സ് വിഭാഗം ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫ്രെഷേഴ്സ് ഡേയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കം. മുഖത്ത് നിര്‍ബന്ധിച്ച് ചായം തേക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റുമായ നിധിനെ അക്രമിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അതേ ക്ലാസിലെ വിദ്യാര്‍ഥിയും കായികതാരവും കൂടിയായ അമല്‍രാജു തടഞ്ഞു. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐക്കാര്‍ അമല്‍രാജുവിനെ പിന്നീട് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതായാണ് പറയുന്നത്.
തുടര്‍ന്ന് പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ച് കോളജിന് ഉച്ചയ്ക്കു ശേഷം അവധി നല്കി. ശേഷം മൂന്നുമണിയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. കോളജിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരും കായികതാരങ്ങളും ഏറ്റുമുട്ടുകയായിരുന്നു. കോളജ് സ്റ്റോപ്പില്‍ വച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ഫുട്ബോള്‍ താരവുമായ നിശാലിനെ മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് കായികതാരങ്ങളെ പൊലിസ് കസ്റ്റഡിയിലെടത്തു.
എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് സ്ഥലത്ത് എത്തിയിരുന്നത്. സംഭവത്തെത്തുടര്‍ന്ന് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ 10 ദിവസത്തേക്ക് അടച്ചിടാന്‍ എ.സി.പി രാജു നിര്‍ദേശം നല്കി. കോളജില്‍ തിങ്കളാഴ്ച്ച റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ കൃഷ്ണകുമാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."