റമദാനിലെ ആദ്യ വെള്ളിയാഴ്ച ഹറമുകളിലെത്തിയത് ജനലക്ഷങ്ങള്‍
മക്ക/ ജറൂസലം: റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി മൂന്നു ഹറമുകളിലും വിശ്വാസികള്‍ നിറഞ്ഞു. മക്കയിലും മദീനയിലും ലക്ഷങ്ങളാണ് ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയില്‍ 2.5 ലക്ഷം പേര്‍ ജുമുഅക്ക് പങ്കെടുത്തതായി ഫലസ്തീന്‍ റിലീജ്യസ് എന്‍ഡോവ്‌മെന്റ്‌സ് ആന്റ് അല്‍ അഖ്‌സ അഫേഴ്‌സ് ഡയരക്ടര്‍ ജനറല്‍ ശൈഖ് അസാം അല്‍ ഖാതിബിനെ ഉദ്ധരിച്ച് അനാദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മക്കയില്‍ രാവിലെ പത്തോടെ ഹറമും പരിസരവും വിശ്വാസികളെകൊണ്ട് നിറഞ്ഞു. ജുമുഅ നിസ്‌കാരം ഹറംപരിസരം നിറഞ്ഞുകവിഞ്ഞ് പ്രധാന റോഡിലേക്കും നീണ്ടു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഇരു ഹറം കാര്യാലയ വകുപ്പ് മേധാവിയും ഇമാമുമായ ശൈഖ് അബുറഹ്മാന്‍ അല്‍ സുദൈസ് ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി. ദൈവീക മാര്‍ഗത്തില്‍ അവനു കീഴ്‌പ്പെട്ടു കൊണ്ട് ജീവിക്കാന്‍ വിശ്വാസ സമൂഹം ജാഗ്രത പാലിക്കണമെന്നും റമദാനിനെ ധാരാളം പുണ്യങ്ങള്‍ ചെയ്തു ധന്യമാക്കണമെന്നും അദ്ദേഹം തന്റെ ഖുതുബ പ്രസംഗത്തില്‍ ഉണര്‍ത്തി.
മദീനയിലെ പ്രവാചക പള്ളിയില്‍ ഖുതുബ പ്രസംഗത്തിനും നിസ്‌കാരത്തിനും ശൈഖ് ഹുസൈന്‍ ആലു ശൈഖ് നേതൃത്വം നല്‍കി. 5 ലക്ഷം ആളുകള്‍ ഇവിടെ പങ്കെടുത്തയാണ് കണക്കാക്കുന്നത്. പ്രവാചക പാത പിന്‍പറ്റി ജീവിതത്തില്‍ മാതൃയാക്കാന്‍ മുസ്‌ലിം സമൂഹം തയാറാവണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി. പ്രവാചക ജീവിതം പകര്‍ത്തുന്നതിലൂടെ മാത്രമേ യഥാര്‍ഥ മതം പിന്തുടരല്‍ ആകൂവെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ഥാടക ബാഹുല്യം കണക്കിലെടുത്തു മക്ക ഹറമിലെ വികസനം പൂര്‍ത്തിയായ മുഴുവന്‍ ഭാഗങ്ങളും തീര്‍ഥാടകര്‍ക്കായി തുറന്നു കൊടുക്കാന്‍ സഊദി ഭരണാധികാരി ഉത്തരവ് നല്‍കിയിരുന്നു. തീര്‍ത്ഥാടകരുടെ സുരക്ഷക്കായി ഇരു ഹറമുകളിലും പ്രത്യേകം സേനയെയും തയ്യാറാക്കി വിന്യസിച്ചിച്ചിരുന്നു.
കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഒന്നര ലക്ഷം ഫലസ്തീനികളും ജുമുഅക്കെത്തി. 40 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും മാത്രമേ അഖ്‌സപള്ളിയിലേക്ക് ഇസ്‌റാഈല്‍ സൈന്യം അനുമതി നല്‍കുന്നുള്ളൂ. നാലു മണിക്കൂര്‍ നേരത്തെ സുരക്ഷാ പരിശോധന കഴിഞ്ഞാണ് പള്ളിയിലെത്തിയതെന്ന് നിസ്‌കാരത്തിനെത്തിയ സലീം അബ്ദുല്ല (52) പറഞ്ഞു. പള്ളിയില്‍ നോമ്പുതുറയ്ക്കായി ജോര്‍ദാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. തറാവീഹ് നിസ്‌കാരവും പള്ളിക്ക് പുറത്ത് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."