മകളുടെ വേഷത്തില്‍ ജയിലില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ പിടിയിലായ ഗുണ്ടാതലവന്‍ തൂങ്ങിമരിച്ചു
ബ്രസീലിയ: സ്വന്തം മകളുടെ രൂപത്തില്‍ വേഷം മാറി ജയിലില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായ ബ്രസീലിലെ കുപ്രസിദ്ധ കുറ്റവാളിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബ്രസീലിലെ പ്രധാന ക്രിമിനല്‍ സംഘങ്ങളിലൊന്നായ റെഡ് കമാന്റിലെ അംഗമായ ക്ലൊവിനോ ഡി സില്‍വ എന്ന ഗുണ്ടാ തലവനെയാണ് ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ പൊലിസ് പിടികൂടിയിരുന്നത്.
സിലിക്കണ്‍ മാസ്ക്, വിഗ്, ടീ ഷര്‍ട്ട്, ബ്രാ തുടങ്ങിയവ ധരിച്ച് പത്തൊന്‍പതുകാരിയായ മകള്‍ ജയിലില്‍ കാണാന്‍ വന്നപ്പോഴാണ് മകളുടെ വസ്ത്രം സ്വീകരിച്ച് വിദഗ്ധമായി ഇയാള്‍ ജയില്‍ ചാടാനുള്ള ശ്രമം നടത്തിയത്. എന്നാല്‍, പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികത മനസ്സിലാക്കിയ പൊലിസ് ജയില്‍ കവാടത്തില്‍വച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ചൊവ്വാഴ്ചയാണ് ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള ബംഗു ജയിലിലെ സെല്ലില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് തൂങ്ങിമരിച്ചത് എന്നാണ് ജയില്‍ അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. മരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജയില്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഈമാസം മൂന്നാം തീയതിയായിരുന്നു ക്ലൊവിനോ ഡി സില്‍വ ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുഖംമൂടിയും വസ്ത്രവും മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ട് ആ വീഡിയോ വൈറലാവുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. റിയോ ഡി ജനീറോയിലെ ജയിലില്‍ 73 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ അയാള്‍ ശ്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."