ദുരിതാശ്വാസ ക്യാംപില്‍ ഭര്‍ത്താവിന് തുണയായി കണ്ണീരോടെ വിജി
അന്തിക്കാട്: ദുരിതാശ്വാസ ക്യാംപിലെത്തി പ്രളയാനന്തരം തിരികെ പോകാന്‍ വീടില്ലാതെ അന്ധനും കരള്‍ രോഗബാധിതനുമായ ഭര്‍ത്താവിന് കാവലായി കണ്ണീരോടെ ഒരു വീട്ടമ്മ. മണലൂര്‍ ചുള്ളിപ്പറ പറമ്പില്‍ രമേഷിനാണ് ഭാര്യ വിജിയുടെ കണ്ണീര്‍ കാവല്‍. പ്രളയ സമയത്ത് ഭര്‍ത്താവായ രമേഷിനെ താങ്ങിയെടുത്താണ് ഭാര്യ വിജി ദുരിതാശ്വാസ ക്യാംപിലെത്തിയത്. ഒരു വര്‍ഷത്തിലേറെയായി കിടപ്പിലായ രമേഷ് പല സമയത്തും അബോധാവസ്ഥയിലാണ്.
കണ്ണുകളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. പ്രളയം മാറി ജനങ്ങള്‍ ക്യാംപ് ഒഴിഞ്ഞു പോയെങ്കിലും പൂര്‍ണമായും വീടു തകര്‍ന്നവരെ മണലൂര്‍ പഞ്ചായത്തിനു കീഴിലുള്ള പട്ടികജാതി വ്യവസായ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഇവിടുത്തെ സ്റ്റോര്‍ മുറിയില്‍ വേദനകള്‍ കടിച്ചമര്‍ത്താന്‍ കഴിയാതെ കണ്ണീരുമായി വിജി തന്റെ ഭര്‍ത്താവിനെ പരിചരിക്കുന്നു. വാര്‍ക്കപ്പണിക്കാരനായിരുന്ന രമേഷ് നാലു വര്‍ഷം മുന്‍പ് രോഗബാധിതനായപ്പോള്‍ ഭാര്യ വിജി തൃശൂരിലെ തുണിക്കടയിലെ ജോലി വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ഷുഗര്‍ കൂടിയതിനെ തുടര്‍ന്ന് രമേഷിന്റെ കാലുകളുടെ അടിഭാഗത്തെ മാംസം മുറിച്ചുമാറ്റി.
ഷുഗര്‍ മൂലം കണ്ണുകള്‍ക്ക് കാഴ്ചശക്തിയില്ലാത്തതിനാലും ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുന്നതിനാലും ഭാര്യയുടെ പരിചരണം എപ്പോഴും വേണം. വയര്‍ വന്നു വീര്‍ക്കുന്ന അസുഖവും ഇയാള്‍ക്കുണ്ട്. നാലു ദിവസം കൂടുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കണം. 5 മുതല്‍ 6 ലിറ്റര്‍ വരെ വെള്ളം വയറ്റില്‍ നിന്നും നീക്കം ചെയ്യണം. മരുന്നിനും മറ്റുമായി ഒരു മാസം 20,000 രൂപ വേണം. ഇതിനായി നെട്ടോട്ടമോടുകയാണ് ഭാര്യ വിജി. ഇവരുടേത് എ.പി.എല്‍ കാര്‍ഡാണ്. ഇതു മൂലം റേഷന്‍ അരിയോ ചികിത്സാ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ബി.പി.എല്‍ ആക്കി തരണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ രണ്ടു മക്കള്‍ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.
മണലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജി ശശിയും വാര്‍ഡ് മെമ്പര്‍മാരും ഇവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചു കൊടുക്കുന്നുണ്ട്. അന്തിക്കാട് എസ്.ഐ എസ്.ആര്‍. സനീഷ് നേരിട്ടെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. രമേഷിന്റെ കാലുകള്‍ മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതു കാണാന്‍ ശേഷിയില്ലാത്ത വിജി ഒറ്റപ്പാലത്തു പോയി ഭര്‍ത്താവിന് ആയുര്‍വേദ ചികിത്സയിലൂടെ കുറച്ചു മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു.
അന്ധനും കരള്‍ രോഗബാധിതനുമായ ഭര്‍ത്താവിനു കാവലായി വിജി കരഞ്ഞു തളര്‍ന്നിരിക്കുന്ന കാഴ്ച വേദനാജനകമാണ്. സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കില്‍ ഈ കുടുംബത്തിനു കുറച്ചെങ്കിലും ആശ്വാസം പകരാനാകും. ഇവരെ സഹായിക്കാനായി എസ്.ബി.ഐ.വാടാനപ്പള്ളി ബ്രാഞ്ചില്‍ വിജി രമേഷിന്റെ പേരില്‍ 33547043186 എന്ന നമ്പറില്‍ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."