ഗതാഗത പരിഷ്‌ക്കാരം: നഗരത്തിലും ബസ് സ്റ്റാന്‍ഡിലും ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതായി പരാതി
കുന്നംകുളം: നഗരത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഗതാഗതപരിഷ്‌ക്കാരം നടപ്പില്‍ വരുത്തി. പരിഷ്‌ക്കരണം നടപ്പിലാക്കിയതില്‍ പ്രശ്‌നങ്ങളും പരാതികളും ഉയരുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയത്. ഇതു കൃത്യമായി ജീവനക്കാരിലേക്ക് എത്തിയിരുന്നില്ല. ജങ്ഷനിലെ ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കി. ബസുകളുടെ ട്രാക്കുകള്‍ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട് ബസുകള്‍ നിര്‍ത്തുന്ന സ്ഥലം ഒഴിവാക്കിയാണ് പ്രവേശനത്തിന് സ്ഥലമൊരുക്കിയത്. നേരത്തെ ബസുകള്‍ കയറിയിരുന്ന സ്ഥലത്താണ് പട്ടാമ്പി, പഴഞ്ഞി ബസുകള്‍ക്ക് ട്രാക്കുളളത്. ഇവിടെക്ക് ബസുകള്‍ കയറ്റിയിടുന്നതോടെ യാത്രക്കാര്‍ക്ക് ബസ് നില്‍ക്കുന്നത് കാണാന്‍ ബുദ്ധിമുട്ടാകുന്നുണ്ട്. അഞ്ചു മിനിറ്റില്‍ കൂടുതല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടരുതെന്നാണ് നിര്‍ദ്ദേശം. ട്രാക്കിലേക്കു കയറാന്‍ ബസുകള്‍ സ്റ്റാന്‍ഡിലിട്ടു തിരിക്കേണ്ടി വരുന്നതും തടസങ്ങളുണ്ടാക്കുന്നുണ്ട്. സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ തൃശൂര്‍ റോഡിലേക്ക് കയറ്റി യാത്രക്കാരെ ഇറക്കുന്നതിനു പകരം സ്റ്റാന്‍ഡിലെ മറ്റു ബസുകളുടെ മുന്നില്‍ നിര്‍ത്തിയാണു ആളുകളെ ഇറക്കുന്നത്. തൃശൂര്‍ ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകളുടെ ട്രാക്ക് സ്റ്റാന്‍ഡിനു മുന്നിലെ റോഡരികിലാണു നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ബസുകള്‍ ഒരുമിച്ചെത്തിയാല്‍ ഇവിടെയും കുരുക്കുണ്ടാകുന്നുണ്ട്. എം.ജി കോംപ്ലക്‌സിനു സമീപം ഹ്രസ്വദൂരബസുകള്‍ക്കു സ്റ്റോപ്പില്ല. എന്നാല്‍ ഇവിടെ നിന്നു യാത്രക്കാരെ കയറ്റുന്നുണ്ട്. തൃശൂര്‍ റോഡ് വണ്‍വേയായതോടെ പൊലിസ് സ്റ്റേഷന്‍ താലൂക്ക് ആശുപത്രി ഗവ.സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വളഞ്ഞ് എത്തേണ്ടി വരുന്നതായാണു പരാതി.
പട്ടാമ്പി റോഡില്‍ നിന്ന് ഗുരുവായൂര്‍ റോഡിലേക്കു നേരിട്ടുളള പ്രവേശനവും തടഞ്ഞിട്ടുണ്ട്. തൃശൂര്‍ റോഡിലെ നഗരസഭ ജങ്ഷന്‍, ഗുരുവായൂര്‍ റോഡ്, ബസ് സ്റ്റാന്‍ഡിനു മുന്‍വശം എന്നിവിടങ്ങളില്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ നഗരത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിയതോടെ ഗതാഗതപ്രശ്‌നം സങ്കീര്‍ണമായി. പൊലിസിനെ കൂടുതല്‍ ഭാഗങ്ങളില്‍ നിയോഗിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."