എം.എല്‍.എയെ ക്ഷണിച്ചില്ല; പ്രതിഷേധം: മെട്രോ സോളാര്‍ എനര്‍ജി പ്രൊജക്ട് ഉദ്ഘാടനം റദ്ദാക്കി
കൊച്ചി: സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തിനെയും മറ്റു എം.എല്‍.എമാരെയും ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മുങ്ങി
കൊച്ചി മെട്രോയുടെ സോളാര്‍ എനര്‍ജി പ്രൊജക്ട് ഉദ്ഘാടനം റദ്ദാക്കി.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
ഉദ്ഘാടന സമയത്തിനു തൊട്ടുമുന്‍പായിരുന്നു ചടങ്ങ് റദ്ദ് ചെയ്തതായി കെ.എം.ആര്.എല്‍ അറിയിച്ചത്.
കൊച്ചി മെട്രോ പരീക്ഷണ ഓട്ടത്തില്‍ പങ്കെടുക്കാന്‍ ഈ സമയം മുഖ്യമന്ത്രി സ്ഥലത്തെത്തിയിരുന്നു.
യു.ഡി.എഫ് എം.എല്‍.എമാരെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു.
ആലുവയില്‍ മെട്രോ സ്റ്റേഷനു പുറത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തു നീക്കി.
ഉദ്ഘാടനം ചടങ്ങായി നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വിച്ചോണ്‍ കര്‍മം മാത്രമേ നടത്താന്‍ തീരുമാനിച്ചിരുന്നുള്ളൂവെന്നും കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു. സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സോളാര്‍ പ്രൊജക്ട് ഉദ്ഘാടനം ഇനിയുണ്ടാകില്ല. ഇന്നു മുതല്‍ സോളാര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."