ബസില്‍ ആശുപത്രിയിലെത്തിച്ച തടവുകാരന്‍ മരിച്ചു; ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പാലക്കാട് : തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ബസിലും ഓട്ടോറിക്ഷയിലുമായി കൊണ്ടുപോയ ഗുരുതരാവസ്ഥയിലുള്ള തടവുകാരന്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇടക്കാലാശ്വാസമായി ഒരു ലക്ഷം രൂപ 45 ദിവസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പാലക്കാട് ജില്ലാ ജയിലില്‍ റിമാന്റിലായിരുന്ന മണ്ണാര്‍ക്കാട് ആനമൂളി തട്ടാരടിയില്‍ ടിജോതോമസാണ് 2018 മേയ് 6 ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. ടിജോയുടെ ഭാര്യക്ക് ഒരു ലക്ഷം രൂപ നല്‍കാനാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പിന്നീട് ഭാര്യ ഷിജിയും അമ്മ സിസിലിയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഭര്‍ത്താവ് പൊലിസ് മര്‍ദനമേറ്റ് മരിച്ചെന്നാണ് ഭാര്യയുടെ ആരോപണം.
ജയില്‍, പൊലിസ്, ആരോഗ്യവകുപ്പ് അധികൃതരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വാങ്ങിയിരുന്നു. 2018 ഏപ്രില്‍ 14 നാണ് അബ്കാരി കേസില്‍ പ്രതിയായ ടിജോയെ പാലക്കാട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ മേധാവി അറിയിച്ചു.
ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാണിച്ച് മരുന്നുകള്‍ കൃത്യമായി നല്‍കി. മേയ് 6 ന് കൈക്ക് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിന്റെ സി റ്റി സ്‌കാന്‍ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും ജില്ലാ ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ടിജോയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പൊലിസിനോട് പറഞ്ഞില്ല. ആശുപത്രിയില്‍ ആമ്പുലന്‍സും ലഭ്യമായിരുന്നില്ല. അങ്ങനെയാണ് ബസില്‍ തൃശൂരിലെത്തിച്ചത്. വഴിമധ്യേ കുഴച്ചില്‍ അനുഭവപ്പെട്ടയുടനെ ഒപ്പമുള്ള ഉദ്യോഗസ്ഥര്‍ ജയിലില്‍ വിവരമറിയിച്ചു. അങ്ങനെ ഓട്ടോയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മേയ് 7 ന് രാവിലെ മരിച്ചു.
എന്നാല്‍ ആശുപത്രിയിലേക്ക് നടന്നു കയറി വന്ന രോഗിക്ക് സി റ്റി എടുക്കാന്‍ പറഞ്ഞപ്പോള്‍ സകാര്യ സ്ഥാപനത്തില്‍ നിന്നും എടുക്കാന്‍ കഴിയില്ലെന്ന് പൊലിസുകാര്‍ പറഞ്ഞതായി പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ടിജോയെ എത്തിക്കുമ്പോള്‍ വലതു കൈക്കാലുകളില്‍ തളര്‍ച്ചയുണ്ടായിരുന്നതായി സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. സംസാരിക്കാനും കഴിയുമായിരുന്നില്ല.
തടവുകാരനെ ബസില്‍ കൊണ്ടുപോയതിനെ കുറിച്ചും യഥാസമയം ചികിത്സ നല്‍കാത്തതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പാലക്കാട് ഡി വൈ എസ് പി കമ്മിഷനെ അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടിജോയുടെ ശരീരത്തില്‍ 11 പരുക്കുകള്‍ ഉണ്ടായിരുന്നതായി പരാതിക്കാര്‍ അറിയിച്ചു. ഇത് പൊലിസ് മര്‍ദനം കാരണമാണ്.
ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ തടവുകാരന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലഭിച്ച ചികിത്സയെ കുറിച്ച് ആരോഗ്യവകുപ്പ്, വിജിലന്‍സ് ടീമിനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ രേഖകള്‍ ശാസ്ത്രീയമായി വിലയിരുത്തണം.
പ്രതിയുമായി രാവിലെ പുറപ്പെട്ട പൊലിസ് സംഘം വൈകിട്ട് മാത്രം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത് എങ്ങനെയെന്ന് ആഭ്യന്തരവകുപ്പ് പ്രത്യേകം അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തടവുകാരന് അര്‍ഹിക്കുന്ന പരിഗണന ജയിലധികൃതരില്‍ നിന്നും എസ്‌കോര്‍ട്ട് പോലീസുകാരില്‍ നിന്നും ലഭിച്ചോ എന്നും ആഭ്യന്തര വകുപ്പ് അന്വേഷിക്കണം.ആഭ്യന്തര, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
39 വയസ്സുമാത്രം പ്രായമുള്ള തടവുകാരന്‍ വിചാരണ തടവാണ് അനുഭവിച്ചിരുന്നതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്ഥിരം കുറ്റവാളിയോ, ക്രിമിനലോ ആയിരുന്നില്ല. നഷ്ടപരിഹാരം, ഭാര്യക്ക് തൊഴില്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ കാലതാമസമില്ലാതെ നപടിയെടുക്കടണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."