കോര്‍പ്പറേറ്റുകളുടെ കോടികള്‍കൊണ്ട് സംഘപരിവാറിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം: കോടിയേരി
കോഴിക്കോട്: കേരള സന്ദര്‍ശനത്തിലുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരേ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമമെന്നും ബി ജെ പിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന് പറയാനാണ് ഇപ്പോള്‍ അമിത് ഷാ വന്നിരിക്കുന്നതെന്നും അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ വന്ന്, എഴുപത് പ്ലസ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞ് പോയ ആളാണ്. ഇപ്പോള്‍ വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നത്. അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ല.
ന്യൂനപക്ഷ വിഭാഗങ്ങളെ എന്‍ ഡി എയുടെ ഭാഗമാക്കാനായി വരുന്ന അമിത് ഷായുടെ കൈയ്യിലുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്.
കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി ജെ പിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണ്. എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ സമീപനം സ്വീകരിക്കുന്നില്ല? ജനങ്ങള്‍ മറുപടി ആഗ്രഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."