വ്യാജ ലൈസന്‍സ് ഉപയോഗിച്ച് തട്ടിപ്പ്; ഒരാള്‍ പിടിയില്‍
തളിപ്പറമ്പ്: വ്യാജ ലൈസന്‍സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. തളിപ്പറമ്പിലെ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സില്‍ ഫോട്ടോ മാറ്റി അതുപയോഗിച്ച് തട്ടിപ്പു നടത്തിയ പാലക്കാട് കോങ്ങാട് സ്വദേശി കക്കയോട് ഹൗസില്‍ ശിവകുമാറിനെയാണ് കോയമ്പത്തൂര്‍ എസ്.ഐ ഇരുളപ്പന്‍ പിടികൂടിയത്.
തളിപ്പറമ്പ് കയ്യംതടം സ്വദേശി അമര്‍ജിത്തിന്റെ ലൈസന്‍സില്‍ ശിവകുമാര്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് പല തട്ടിപ്പുകളും നടത്തിയിരുന്നത്. മാറ്റം വരുത്തിയ ലൈസന്‍സ് ഉപയോഗിച്ച് ലോഡ്ജില്‍ മുറിയെടുക്കുകയും അവിടങ്ങളില്‍ തട്ടിപ്പ് നടത്തി മുങ്ങുകയുമായിരുന്നു പതിവ്. ഈ മോഷണ കേസുകളില്‍ ലോഡ്ജിലെ സന്ദര്‍ശക റജിസ്റ്റര്‍ തെളിവായി ഉപയോഗിച്ച് അന്വേഷണം നടത്തുമ്പോള്‍ തളിപ്പറമ്പിലെ അമര്‍ജിത്തിന്റെ മേല്‍വിലാസത്തിലാണ് അത് ചെന്നെത്താറുള്ളത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമര്‍ജിത്തിന്റെ നിരപരാധിത്വം വ്യക്തമായത്. പിന്നീട് അന്വേഷണം മറ്റുള്ളവരിലേക്കും കേന്ദ്രീകരിച്ചു.
അതിനിടെയാണ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ബസാറിലെ ആര്.കെ റസിഡന്‍സിയില്‍ മുറിയെടുത്ത് ശിവകുമാര്‍ വീണ്ടും തട്ടിപ്പ് നടത്തിയത്. അവിടെ നിന്ന് എല്‍.ഇ.ഡി ടി.വി മോഷ്ടിച്ച് ബിഗ് ഷോപ്പറില്‍ കടത്താന്‍ ശ്രമിക്കവെ ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് നിരവധി ലൈസന്‍സുകളും വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്. തളിപ്പറമ്പില്‍ പരാതിയുള്ളതിനാല്‍ ശിവകുമാറിനെ തളിപ്പറമ്പ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."