എം.എല്‍.എയുടെ നിലപാട് അപഹാസ്യം; സംഭവങ്ങള്‍ക്കു പിന്നില്‍ സി.പി.എം നേതാവ്: സമരസമിതി
കൊല്ലം: നീണ്ടകര ബിവറേജസ് ഔട്ട്‌ലെറ്റിന്റെ കാര്യത്തില്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ നിലപാട് അപഹാസ്യമാണെന്നും സംഭവങ്ങള്‍ക്കു പിന്നില്‍ സി.പി.എം ഏര്യാ സെക്രട്ടറിയാണെന്നും ജനീകീയ സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിനു പിന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണെന്ന എം.എല്‍.എയുടെ പരാമര്‍ശം അടിസ്ഥാന രഹിതമാണ്. എല്ലാ നേതാക്കളോടും സഹായം അഭ്യര്‍ഥിച്ചതിനനുസരിച്ച് പ്രേമചന്ദ്രനെയും കണ്ടു. സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാലിനെയും കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു.
എം.എല്‍.എയുടെ വീട്ടില്‍ പോയത് അക്രമിക്കാനല്ല. സമരസമിതിക്കാര്‍ക്ക് എപ്പോഴും തന്റെ വീട്ടില്‍ വരാമെന്നു എം.എല്‍.എ പറഞ്ഞിരുന്നു. എന്നാല്‍ സമാധാനപരമായി എം.എല്‍.എയുടെ വീട്ടിലെത്തിയവരെ ഒരു കാരണവുമില്ലാതെ ക്യാംപിലെ ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. ചില രാഷ്ട്രീയ നേതാക്കളും പൊലിസും ചേര്‍ന്നു നടത്തിയ തിരക്കഥയാണ് സംഘര്‍ഷത്തിന് കാരണം. നേരത്തേ എം.എല്‍.എയുടെ വീടിന് സമീപം രണ്ടിടത്ത് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ തടയുകയായിരുന്നു. നീണ്ടകരയിലെ ഔട്ട്‌ലെറ്റ് നില്‍ക്കുന്ന സ്ഥലം ചട്ടം ലംഘിച്ച് കൈയേറി നികത്തിയതാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടേതാണ് ഭൂമി.
ജനവാസകേന്ദ്രമായ പ്രദേശത്ത് മദ്യശാല കൊണ്ടുവന്നതിനു പിന്നില്‍ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കെയ്‌സുകണക്കിനു മദ്യം ഇവിടെ നിന്നും പുറത്തും ബോട്ടുകള്‍ വഴി മത്സ്യബന്ധനമേഖലയിലും കച്ചവടം നടത്താനാണ് നീക്കം.
ഇതിനായിട്ടാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ട്ടുന്ന പ്രദേശത്ത് മദ്യശാല കൊണ്ടുവന്നത്. തുടക്കംമുതല്‍ മദ്യശാലക്കെതിരേ നിലപാടെടുത്ത എം.എല്‍.എ സ്ഥലം കാണാന്‍ പോലും തയാറായിട്ടില്ല. ചില ശക്തികള്‍ എഴുതിക്കൊടുത്ത പ്രസ്താവനയില്‍ എം.എല്‍.എ ഒപ്പിടുകയായിരുന്നു.
എം.എല്‍.എയുടെ തട്ടാശ്ശേരിയിലെ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് ചവറ നല്ലേഴ്ത്ത് മുക്കിലേക്ക് ഔട്ട്‌ലെറ്റ് മാറ്റുന്നതിനെ എതിര്‍ക്കുന്നത്. നീണ്ടകരയില്‍ ഔട്ട്‌ലെറ്റ് നിലനില്‍ക്കുക എം.എല്‍.എക്കും ആവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
കണ്‍വീനര്‍ ഭവാനയ്യത്ത് കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീലാകുമാരി, എസ്. മന്‍മഥന്‍, എസ്. വിജയകുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."