നിയമനം ലഭിച്ചില്ല: സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ഇന്നലെ രാവിലെ 10.30 ഓടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള മരത്തിലും എതിര്‍വശത്തുള്ള കാര്‍ഷിക ഗ്രാമവികസന ബാങ്ക് കെട്ടിടത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
ഡി.ജി.പി ക്ഷണിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് പോയെങ്കിലും നിലത്തിറങ്ങാന്‍ ഭീഷണിമുഴക്കിയവര്‍ തയാറായില്ല. തുടര്‍ന്ന് അനുരഞ്ജന ചര്‍ച്ചക്കായി എ.ഡി.എം എത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷം ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതില്‍ ഇവര്‍ക്ക് വേണ്ടി ശുപാര്‍ശ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മരത്തിന് മുകളിലുണ്ടായിരുന്ന രണ്ട് പേര്‍ താഴെയിറങ്ങി.
എന്നാല്‍ നിയമനം ലഭിക്കാതെ താഴെയിറങ്ങില്ലെന്ന നിലപാടില്‍ കെട്ടിടത്തിന് മുകളിലുള്ള അഞ്ചുപേര്‍ രാത്രി വൈകിയും അവിടെത്തന്നെ തുടരുകയാണ്. നിയമനം ലഭിച്ചില്ലെങ്കില്‍ മരണം എന്നെഴുതിയ ബാനറുമായാണ് ഇവര്‍ ഭീഷണി മുഴക്കുന്നത്.
കഴിഞ്ഞ മാസം 27 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തിലാണ് ഇവര്‍. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരാളെ അശുപത്രിയിലേക്ക് മാറ്റിയിരുന്നു.
രണ്ടു ലക്ഷം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്നാണ് 999 പേരടങ്ങിയ അന്തിമ പട്ടിക തയാറാക്കിയിരുന്നത്. ഇതില്‍ 550 പേര്‍ക്കാണ് ഇനിയും നിയമനം ലഭിക്കാനുള്ളത്. ഒന്നരവര്‍ഷംമുമ്പും മൂന്നു പേരടങ്ങിയ സംഘം ഇതുപോലൊരു ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുന്നുമെന്ന എ.ഡി.എമ്മിന്റെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ അതിനുശേഷം യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൃത്യമായൊരു ഉറപ്പ് ലഭിച്ച ശേഷം മാത്രമേ താഴെയിറങ്ങൂ എന്നാണ് യുവാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."