നവവോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ കാംപയിന്‍
കല്‍പ്പറ്റ: 18 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള പൗരന്‍മാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ലക്ഷ്യമാക്കി ജൂലൈ 31 വരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക കാംപയിന്‍ നടത്തും. 18, 19 വയസുള്ള വോട്ടര്‍മാരുടെ പ്രാതിനിധ്യം 80 ശതമാനത്തിന് മുകളിലേക്ക് വര്‍ധിപ്പിക്കുക, സെന്‍സസിന് ആനുപാതികമായി 18, 19 വയസിലെ വോട്ടര്‍മാരിലെ സ്ത്രീപുരുഷ അനുപാതം ക്രമപ്പെടുത്തുക, അംഗപരിമിതരായ യുവവോട്ടര്‍മാരുടെ എണ്ണം സെന്‍സസ് ഡാറ്റയുമായി ക്രമപ്പെടുത്തുക, മരണമടഞ്ഞ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുക, പ്രവാസി വോട്ടര്‍മാരെ ഉള്‍പ്പെടുത്തുക, സര്‍വിസ് ഇലക്ടര്‍മാരെ ഉള്‍പ്പെടുത്തുക എന്നിവയാണ് കാംപയിന്‍ ലക്ഷ്യം.
ജില്ലയില്‍ നിലവിലുള്ള 5,82,542 വോട്ടര്‍മാരില്‍ 8,389 പേര്‍ മാത്രമേ 18, 19 പ്രായപരിധിയില്‍ വരുന്നുള്ളൂ. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു വളരെ കുറവാണ്. നിലവില്‍ വോട്ടര്‍മാര്‍ക്ക് സ്വന്തമായോ താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും പ്രവര്‍ത്തിക്കുന്ന വോട്ടര്‍സഹായ കേന്ദ്രങ്ങളിലൂടെയോ കൂടാതെ അക്ഷയ സെന്ററുകള്‍ മുഖേനയോ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ആദ്യപടിയായി പത്തുവരെ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ അന്തിമ വോട്ടര്‍പട്ടിക പരിശോധിച്ച് പോരായ്മകള്‍ കണ്ടെത്തും.
സെന്‍സസ് പ്രകാരം 18, 19 വയസ് പ്രായമുള്ളവരുടെയും സ്ത്രീപുരുഷ അനുപാതവും വോട്ടര്‍പട്ടികയുമായി പ്രത്യേകം പരിശോധിച്ച് വ്യത്യാസമുള്ള മേഖലകള്‍ പോളിങ് സ്‌റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്തും. അതിനുശേഷം പ്രസ്തുത കുറവുകള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ ജൂലൈ ഒന്നിനു തുടങ്ങും.
ബി.എല്‍.ഒമാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി പേര് ചേര്‍ക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് ജില്ലാതലത്തിലും താലൂക്ക് തലത്തിലും യോഗങ്ങള്‍ നടത്താനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."