ചതി
മഴനനഞ്ഞ മനസോടെ
ഒറ്റക്കിരുന്നപ്പോഴാണ്,
പലതും പറഞ്ഞ് ഒച്ചവയ്ക്കുന്ന
പെരുമഴയെ കേട്ടത്..
പെയ്താലും, പെയ്തില്ലെങ്കിലും
ചിലര്‍ ചൊരിയുന്ന
ശാപവാക്കുകളെക്കുറിച്ചും
മണ്ണും മരങ്ങളും കുന്നും
പുഴകളും
'കുടിച്ചു മതിയായെന്ന് '
അപേക്ഷിച്ചതിനെക്കുറിച്ചുമൊക്കെ
അത് എണ്ണിപ്പെറുക്കി
പറയുന്നുണ്ടായിരുന്നു..
മാളികവീടിന്റെ
നടുമുറ്റത്തു പെയ്യുന്ന മഴയും,
പുഴ കൈയേറിയ വീട്ടിലെ മഴയും
വെവ്വേറെയാണെന്നും;
കാറില്‍പോകുന്നവന്റെ മഴയല്ല
കുടയെടുക്കാന്‍ മറന്നവന്റേതെന്നുമൊക്കെ,
പുതിയതെന്തോ കണ്ടുപിടിച്ചതുപോലെ
എഴുതി വായിക്കുന്ന
കവികളെ അതു കളിയാക്കിക്കൊണ്ടിരുന്നു..
പായ്ക്കരികില്‍ പാത്രംവച്ച്
ഉറങ്ങാന്‍ കിടക്കുന്നവരെക്കുറിച്ചും,
അടുപ്പുകത്താത്ത വീട്ടിലെ
വയറെരിയുന്ന കുട്ടിയുടെ
കണ്ണീര്‍ മഴയെക്കുറിച്ചും
പറഞ്ഞപ്പോള്‍ അതിന്റെ
തൊണ്ടയിടറിയപോലെ..
അതിരിലെ മൂവാണ്ടന്‍
മാവിനെച്ചൊല്ലി
വഴക്കിട്ടവരിപ്പോള്‍
തൊട്ടടുത്ത ഗവണ്‍മെന്റ് സ്‌കൂളില്‍
ഒരു പാത്രത്തിലുണ്ട്-
ഒരു പായില്‍ കിടന്നുറങ്ങുന്നവരായതികെുറിച്ചു പറയുമ്പോള്‍ മഴ
പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു..
അതിനിടയിലാണ്;
സീബ്രാലൈനില്‍ അല്ലാതിരുന്നിട്ടും
റോഡ് മുറിച്ചുകടന്ന പുഴ
അനുവാദത്തിനു കാത്തുനില്‍ക്കാതെ
വീട്ടിലേക്ക് ഇരച്ചുകയറിയത്..
'ചതിച്ചല്ലോ' എന്നാര്‍ത്തുകരഞ്ഞ്
ജീവനും കൊണ്ടോടുമ്പോഴും
പിടിവിടാതെ പിന്നാലെ വന്ന്
'ചതിച്ചതാരെന്നറിയാമോ'
എന്ന ചോദ്യം മഴ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു..!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."