'ഇ സാക്ഷരതാ യജ്ഞത്തില്‍ നേട്ടം കൈവരിക്കണം'
ആലപ്പുഴ: ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനത്തില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. തുടര്‍ വിദ്യാഭ്യസ പരിപാടിയും പ്രാദേശിക സാധ്യതകളും എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ സാക്ഷരതാ യജ്ഞത്തില്‍ നേട്ടം കൈവരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കേരളത്തിന്റെ പൊതു സാമൂഹികരംഗത്തുണ്ടാകുന്ന ഗുണപരമായ മാറ്റം തുടര്‍ വിദ്യാഭ്യാസ മേഖലയിലും ഉണ്ടാക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുല്യതാ പഠനം മാത്രമല്ല പ്രാദേശിക അറിവുകള്‍ ശേഖരിക്കുകയും അവ രേഖപ്പെടുത്തി പുതുതലമുറയിലേക്ക് കൈമാറുകയെന്ന ദൗത്യം കൂടി തുടര്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് വിഷയം അവതരിപ്പിച്ച സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു. നവോഥാനത്തിലൂടെ കടന്നു കേരളത്തെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള നവകേരളം പരിപാടിയില്‍ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് മുഖ്യപങ്കു വഹിക്കാനാകുമെന്നും പ്രാദേശികാടിസ്ഥാനത്തില്‍ ഇതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും ഡയറക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. കെ.റ്റി. മാത്യു അധ്യക്ഷ്യനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശശിധരന്‍ പിള്ള, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."