നാടുകാണി ചുരത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു: കര്‍ണാടകത്തില്‍ നിന്നുള്ള കെ.എസ്.ആര്‍.ടിസി സര്‍വിസുകള്‍ റദ്ദാക്കി
മലപ്പുറം: നാടുകാണി ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. കാലാവസ്ഥ മോശമായതോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍നിന്നും പോയ 0600 ബസിലെ ജീവനക്കാരും യാത്രക്കാരുമാണ് ഇവിടെ കുടുങ്ങിയത്.
പാലക്കാട് നിന്ന് തശൂര്‍ വഴി സുല്‍ത്താന്‍ ബത്തേരിയിലേക്കുപോയ 0645 ബസിലെ യാത്രക്കാരും ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാടുകാണിചുരത്തില്‍ ബോര്‍ഡറിനും ജാറത്തിനുമിടയിലാണ് കുടുങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രവര്‍ത്തനം നാളെ രാവിലെ ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വിസുകളും കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വിസുകളാണ് റദ്ദാക്കിയത്. കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വിസുകള്‍ നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്‌പേട്ട പട്ടണത്തില്‍ വെളളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. മുത്തങ്ങ, ഗോണിക്കുപ്പ, കുട്ട, നാടുകാണി തുടങ്ങിയ പാതകളിലും വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കാലവര്‍ഷം കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍. ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
കര്‍ണാടകത്തിലും സ്ഥിതി വഷളായിരിക്കുകയാണ്. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. മഴ കനത്തതോടെ വടക്കന്‍ കര്‍ണാടകത്തിലെ അരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. കര്‍ണാടകത്തിലെ 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 15 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."